Tuesday, May 14, 2024
keralaNews

രവി പിള്ളയുടെ മകന്റെ വിവാഹം:കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടന്നോ എന്ന് അന്വേഷിക്കാന്‍ സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടന്നോ എന്ന് അന്വേഷിക്കാന്‍ സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. യൂടുബില്‍ വന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു ഉത്തരവ്. സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും കെ.ബാബുവുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.സര്‍ക്കാരിനേയും രവി പിള്ളയേയും സെക്ടറല്‍ മജിസ്‌ട്രേറ്റിനേയും കക്ഷി ചേര്‍ത്ത കോടതി എല്ലാവര്‍ക്കും നോട്ടീസ് അയച്ചു. പ്രോട്ടോകോള്‍ ലംഘനം നടന്നതായി കോടതി നിരീക്ഷിച്ചു. പന്ത്രണ്ടു പേര്‍ മാത്രം പങ്കെടുക്കുമെന്ന് പറഞ്ഞെങ്കിലും നിരവധി പേര്‍ പങ്കെടുത്തെന്നും നടപ്പന്തല്‍ ഓഡിറ്റോറിയമാക്കിയെന്നും കോടതി പറഞ്ഞു.എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ ഒരേ പോലെ കല്യാണം നടത്താന്‍ അവകാശം ഉണ്ടെന്ന് ചുണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് ചോദിച്ചു. വിശ്വാസികളില്‍ ഭരണഘടനാ പദവി ഉള്ളവര്‍ എന്നോ കൂലി പണിക്കാര്‍ എന്നോ ഇല്ല. ബന്ധപ്പെട്ട സെക്ടറല്‍ മജിസ്‌ട്രേറ്റ് ആരാണെന്ന് ചോദിച്ച കോടതി ഉദ്യോഗസ്ഥന്റെ പേരറിയാക്കാനും നിര്‍ദേശിച്ചു.മൂന്നു വിവാഹ മണ്ഡപങ്ങളില്‍ ഒന്ന് ഈ വിവാഹത്തിന് മാത്രമായി മാറ്റി വെച്ചോ എന്നും ചോദ്യമുണ്ടായി. അന്നേ ദിവസം എത്ര വിവാഹം നടന്നുവെന്ന ചോദ്യത്തിന് സാധാരണ നൂറ്റിപ്പത്ത് വിവാഹങ്ങള്‍ വരെ നടക്കാറുണ്ടെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിനകത്ത് വാഹനം പ്രവേശിക്കാന്‍ അനുവദിച്ചതായി കാണുന്നുണ്ടന്നും എന്തെങ്കിലും നടപടിയെടുത്തോ എന്നും കോടതിആരാഞ്ഞു.സുരക്ഷാ ചുമതല ദേവസ്വം ബോര്‍ഡിനാണെന്നും സ്വകാര്യ സെക്യുരിറ്റി ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കറുപ്പ് വേഷധാരികള്‍ നിരവധി പേരെ ദൃശ്യങ്ങളില്‍ കാണുന്നുണ്ടന്നും അവര്‍ ആരാണന്നും കോടതി ചോദിച്ചു. കേസ് രണ്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കും.