Wednesday, May 15, 2024
keralaNewspolitics

മാധ്യമപ്രവര്‍ത്തകയോട് പിതൃവാത്സല്യവും സഹോദര സ്നേഹവും; ക്ഷമ ചോദിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയെന്ന സംഭവത്തില്‍ ക്ഷമ ചോദിച്ച് സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകയോട് താന്‍ ദുരുദ്ദേശ്യത്തോടെയല്ല പെരുമാറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പിതൃവാത്സല്യവും സഹോദര സ്നേഹവുമാണ് താന്‍ പ്രകടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകയ്ക്ക് അതില്‍ ബുദ്ധിമുട്ടുണ്ടായെങ്കില്‍ അതിന് ക്ഷമ ചോദിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടിട്ട് അവരെ ലൈനില്‍ ലഭിച്ചില്ല. തന്റെ പ്രവൃത്തിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമമുണ്ടായതില്‍ ക്ഷമ  ചോദിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങള്‍ക്ക് താനൊരു സ്ത്രീ വിരുദ്ധനാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തന്റെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ ക്ഷമ പറയാന്‍ ഒരു മടിയുമില്ലാത്ത ആളാണെന്നും മകളാണെങ്കിലും മാപ്പുചോദിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ജീവിതത്തില്‍ ഇന്നോളം സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ള ആളല്ല താനെന്നും സുരേഷ് ഗോപി പറഞ്ഞു. വിഷയം തന്റെ മനസാക്ഷിയോട് ചോദിക്കുകയാണെങ്കില്‍ ഇതൊരു ആരോപണം മാത്രമാണെന്നേ തനിക്ക് പറയാനാകൂ എന്ന് സുരേഷ് ഗോപി പറയുന്നു. ദുരുദേശത്തോടെയുള്ള സ്പര്‍ശമല്ല തന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നിരിക്കിലും മാധ്യമപ്രവര്‍ത്തക അതില്‍ ഒഫന്റഡായെങ്കില്‍  ക്ഷമചോദിക്കണമെന്ന് തന്നെയാണ് തന്റെ പക്ഷമെന്നും അതിനാല്‍ തന്നെയാണ്  ക്ഷമചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് 

മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെക്കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. സോറി ഷിദ…