Tuesday, April 30, 2024
keralaNews

മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരിമല നട നാളെ അടയ്ക്കും

ശബരിമല : മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനമായതോടെ ഹരിവരാസനം പാടി നാളെ രാവിലെ ശബരിമല നട വ്യാഴാഴ്ച അടയ്ക്കും. നട കുംഭമാസ പൂജകള്‍ക്കായി ക്ഷേത്രനട അടുത്ത മാസം തുറക്കും.മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് മാളികപ്പുറത്ത് നടന്ന ഗുരുതിയോടെയാണ് സമാപനമായത്. നാളെ രാവിലെ 5 മണിക്ക് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും.                              5.15 നാണ് ഗണപതി ഹോമം.ശേഷം 6 മണിയോടെ തിരുവാഭരണ പേടകങ്ങള്‍ വഹിച്ച് പേടകവാഹകര്‍ പതിനെട്ടാംപടിയിലൂടെ പന്തളത്തിലേക്കുള്ള മടക്കയാത്ര ആരംഭിക്കും.തുടര്‍ന്ന് ശബരിമലയിലുള്ള പന്തളം രാജപ്രതിനിധിയും കുടുംബാംഗങ്ങളും അയ്യപ്പദര്‍ശനത്തിനായി എത്തിച്ചേരും. ഈ സമയത്ത് സോപാനത്തോ തിരുമുറ്റത്തോ മറ്റാര്‍ക്കും തന്നെ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ദര്‍ശനം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഹരിവരാസനം പാടി നട അടയ്ക്കും.                                 തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടുപടികള്‍ ഇറങ്ങി വന്ന് ശ്രീകോവിലിന്റെ താക്കോലും പണക്കിഴിയും രാജ പ്രതിനിധിക്ക് കൈമാറും.ശേഷം മറ്റൊരു പണക്കിഴിയും ക്ഷേത്രത്തിന്റെ താക്കോലും മേല്‍ശാന്തിയ്ക്കും തിരികെ നല്‍കും. അങ്ങനെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനും പരിസമാപ്തിയാകും.കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകിട്ട് 5 മണിക്കാണ് തുറക്കുക. 13 മുതല്‍ 17 വരെ യാണ് നട തുറന്നിരിക്കുക. 17 ന് രാത്രി ഹരിവരാസനം പാടി ശ്രീകോവില്‍ നട അടയ്ക്കും.