Saturday, April 27, 2024
keralaNews

വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ ജോളിയെ സഹായിച്ച അഭിഭാഷകനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.

 

കൂടത്തായി കൊലപാതക പരമ്പര കേസില്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ മുഖ്യപ്രതി ജോളിയെ സഹായിച്ച കേസില്‍ അഭിഭാഷകനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കുന്ദമംഗലത്തെ നോട്ടറി അഭിഭാഷകന്‍ സി.വിജയകുമാറിനെതിരേയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
വ്യാജരേഖ ചമയ്ക്കല്‍ (ഐ.പി.സി.468), ക്രിമിനല്‍ ഗൂഢാലോചന (ഐ.പി.സി.120(യ)) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നോട്ടറി എന്ന നിലയില്‍ വിജയകുമാര്‍ തന്റെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്ന് ജില്ലാസെഷന്‍സ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ജോളിയുടെ ഭര്‍ത്തൃപിതാവ് പൊന്നാമറ്റത്തില്‍ ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ജോളി, കേസിലെ നാലാംപ്രതി സി.പി.എം. കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി മനോജ്, അഡ്വ. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്.
ഒസ്യത്തിന്റെ ഒറിജിനല്‍ കാണാതെയാണ് സാക്ഷ്യപ്പെടുത്തിയത്. മാത്രമല്ല, ടോംതോമസിന്റെ വ്യാജ ഒപ്പ് നോട്ടറി രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇതോടൊപ്പം മഹേഷ് എന്നപേരില്‍ ഇല്ലാത്ത സാക്ഷിയെ ഒസ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.അഡ്വ. വിജയകുമാര്‍ നേരത്തേ 156-ാം സാക്ഷിയായിരുന്നു. അദ്ദേഹത്തിന്റെ നോട്ടറി രജിസ്റ്ററില്‍ ടോം തോമസിന്റെ വ്യാജ ഒപ്പാണ് രേഖപ്പെടുത്തിയതെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതോടെയാണ് അഞ്ചാം പ്രതിയാക്കിയത്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസാണ് അന്വേഷണോദ്യോഗസ്ഥന്‍. കൂടത്തായി കൊലപാതക പരമ്ബരയില്‍ ആറുകേസുകളിലും നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതില്‍ പ്രാരംഭവാദം ഓഗസ്റ്റ് 11-ന് ആരംഭിക്കും.

Leave a Reply