Friday, May 17, 2024
keralaNews

രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ബോധപൂര്‍വം വൈകിക്കുകയായിരുന്നു ; സര്‍വക്ഷി യോഗത്തില്‍ പങ്കെടുക്കില്ല :ബിജെപി സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴ: ആലപ്പുഴയിലെ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത സര്‍വക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കില്ല. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നത്തേക്ക് മനപ്പൂര്‍വ്വം മാറ്റിയെന്നും ആരോപിച്ചാണ് നടപടി.രഞ്ജിത്തിന്റെ സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കുന്ന സമയമായതിനാല്‍ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബിജെപി അറിയിച്ചിരുന്നത്. ഇതോടെ മന്ത്രി സജി ചെറിയാന്‍ അടക്കം പങ്കെടുക്കുന്ന യോഗം വൈകിട്ട് മൂന്ന് മണിയില്‍ നിന്നും 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സര്‍വകക്ഷിയോഗത്തിന്റെ സമയം മാറ്റിയെങ്കിലും ബിജെപി പങ്കെടുക്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് ബിജെപിയുടെ വിട്ടുനില്‍ക്കല്‍. ജില്ലാഭരണകൂടം ഒരു ചടങ്ങായി മാത്രമാണ് സര്‍വകക്ഷി യോഗം വിളിക്കുന്നതെന്നും സമാധാനം പുനസ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടത്തിന് ആത്മാര്‍ഥതയില്ലെന്നും ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമന്‍ കുറ്റപ്പെടുത്തി.രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ബോധപൂര്‍വം വൈകിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ‘ബിജെപി സമാധാനത്തിന് എതിരല്ല. ബിജെപിക്ക് കൂടി സൗകര്യപ്രദമായ ദിവസം സര്‍വകക്ഷിയോഗം തീരുമാനിച്ചാല്‍ പങ്കെടുക്കുന്നത് ആലോചിക്കും. സര്‍ക്കാര്‍ എസ്.ഡിപി.ഐക്ക് ഒപ്പമാണ്’. അവരുടെ സൗകര്യത്തിനാണ് സമാധാനയോഗം ഇന്ന് വിളിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.അതേ സമയം രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ഒമ്പതരയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. മൃതദേഹം ആലപ്പുഴയില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ആറാട്ടുപുഴ വലിയഴീക്കലെ രഞ്ജിത്തിന്റെ കുടുംബ വീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. തുടര്‍ന്നാകും സംസ്‌കാരം.

മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ക്രൂരമായ കൊലപാതകങ്ങളുടെ ഞെട്ടലിലാണ് മണ്ണഞ്ചേരിയിലേയും ആലപ്പുഴ വെള്ളക്കിണറിയിലേയും ജനങ്ങള്‍. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബി ജെപി പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.