Monday, April 29, 2024
keralaNews

യുട്യൂബറെ അറസ്റ്റ് ചെയ്തു

സമൂഹമാധ്യമത്തിലൂടെ പോലീസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത കേസില്‍ യു ട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാവനാട് കന്നിമേല്‍ചേരി കളീയിലിത്തറ വീട്ടില്‍ റിച്ചാര്‍ഡ് റിച്ചു (28) ആണു ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.  കഴിഞ്ഞ ദിവസം കണ്ണൂരില്‍ സഹോദരങ്ങളായ വ്‌ലോഗര്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ വിഡിയോ വഴി പ്രതികരിച്ചത്. പോലീസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതിനൊപ്പം സംഘം ചേര്‍ന്നു കലാപം നടത്താനും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് ഐപിസി 153 അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഡിയോ ചെല്ലാനം സ്വദേശിയുടെ യുട്യൂബ് ചാനല്‍ വഴിയാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെയും കേസെടുക്കും. ഒട്ടേറെപ്പേര്‍ വിഡിയോ ഷെയര്‍ ചെയ്തിരുന്നു.’എയര്‍ ഗണ്‍’ പരീക്ഷിക്കുന്ന വിഡിയോയിലൂടെ താരമായി മാറിയ ‘പൊളി മച്ചാന്‍’ എന്നറിയപ്പെടുന്ന ഇയാള്‍ക്കു വിവിധ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ഫോളോവേഴ്‌സ് ഉണ്ട്. വിഡിയോ പങ്കുവച്ചവര്‍ക്കെതിരെയും കേസുണ്ടാകുമെന്നും ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നും ശക്തികുളങ്ങര പോലീസ് പറഞ്ഞു.