Friday, May 10, 2024
Local NewsNews

യതി പൂജ:   ശ്രേഷ്ഠമായ  അനുഷ്ഠാനമാണ്  സന്യാസ ജീവിതം : സ്വാമി ചിദാനന്ദപുരി  

 സ്പീക്കറോട് ഏറെ നന്ദിയുണ്ട് : കുമ്മനം 
എരുമേലി: നിഷ്കളങ്കമായ കർമ്മ അനുഷ്ഠാനമാണ്  സന്യാസ ജീവിതമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതിയും മാർഗദർശകമണ്ഡലം അധ്യക്ഷനുമായ  സ്വാമി ചിദാനന്ദപുരി പറഞ്ഞു. വിഴിക്കിത്തോട് അയ്യപ്പസേവാസമാജം ഹാളിൽ  കുറുവാമൂഴി ആത്മബോധിനി ആശ്രമത്തിലെ  ശ്രീധര സ്വാമിയുടെ നാല്പത്തിഒന്നാം സമാധി  ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗവും –  യതി പൂജയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.                                                                                    പരിശുദ്ധമായ മനസ്സും നിഷ്കളങ്കമായ ചിരിയും സംഭാഷണവുമുള്ള വ്യക്തിയായിരുന്നു ശ്രീധര സ്വാമിയെന്നും അദ്ദേഹത്തിന്റെ  ലക്ഷ്യ പൂർത്തീകരണമാണ് യതി പൂജയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു .                                                 
                ചടങ്ങിൽ  പന്തളം NSS കോളേജ് പ്രൊഫസർ ജി.ആനന്ദരാജ് ജനനം, മരണം, മരണാനന്തരം എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. ഉന്നതമായ കാഴ്ചപ്പാടുകളും അവ നടപ്പാക്കുന്നതിലെ തീവ്രമായ കഴിവുമായിരുന്നു ശ്രീധര സ്വാമിയുടെ പ്രവർത്തനത്തിലൂടെ ബോധ്യമായതെന്ന്  കുറുവാമൂഴി ആത്മബോധിനി ആശ്രമത്തിലെ മഠാധിപതിയും  യോഗത്തിലെ അധ്യക്ഷനുമായ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി  അനുസ്മരിച്ചു.                                                                                                        അദ്ദേഹത്തെ പരിചരിക്കാൻ കിട്ടിയ അവസരം വലിയ ശ്രേഷ്ഠമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിസ്വാർത്ഥമായ  സേവന പ്രവർത്തനത്തിലൂടെ എല്ലാവരുടെയും മനസ്സിൽ സ്ഥാനം പിടിച്ച സന്യാസി ശ്രേഷ്ഠനായിരുന്നു ശ്രീധരസ്വാമിയെന്ന്  പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ  മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു.  സന്യാസി ശ്രേഷ്ഠന്മാർ – ഗുരുക്കന്മാർ –  ആചാര്യന്മാർ അടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കളുടെ സംഭാവനയാണ് ധർമ്മ സംരക്ഷണമെന്നും , രാഷ്ട്രീയത്തിനോ മറ്റ് അധികാര കേന്ദ്രങ്ങൾക്കോ ഈ പരിവർത്തനം കൊണ്ടു വരാൻ  കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.                                                                     
സാമൂഹ്യമായ മാറ്റത്തിനുള്ള സന്ദേശമാണ് യതിപൂജ. മനുഷ്യനിൽ പരിവർത്തനം നടത്തി അഭിമാനമുള്ളവരാക്കുകയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. യുക്തിവാദം –  നിരീശ്വരവാദവും  ഫാഷൻ ആയിരുന്ന ഒരുകാലത്ത് സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തന ഫലമായി അതിന്  മാറ്റം വന്നു. എല്ലാ ഭേദചിന്തകളും മറന്ന് ഒന്നായിയോജിച്ച് യോജിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന  സമൂഹത്തെ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.                                                          ഗണപതി ഭഗവാൻ എന്നത് ഒരു വിശ്വാസമാണ് ഒരു വികാരമാണ് –  മിത്തല്ല. സ്പീക്കർ നടത്തിയ മിത്ത് പരാമർശം വിനായ ചതുർത്തിയിൽ ലക്ഷക്കണക്കിന് വിശ്വാസികളെയാണ് ക്ഷേത്രങ്ങളിൽ എത്തിച്ചത്. അതിന് സ്പീക്കറോട് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരവും ശാസ്ത്രവും അറിയാത്തവർ എല്ലാ വിശ്വാസങ്ങളെയും എതിർക്കും . വിശ്വാസികളിൽ തെറ്റിദ്ധാരണ  ഉണ്ടാക്കാനാണ് ഇത്തരം ആളുകൾ ശ്രമിക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.                                                                                                                               വാഴൂർ തീർത്ഥപാദാശ്രമം അധ്യക്ഷൻ പ്രജ്ഞാനാനന്ദ തീർത്ഥപാദർ,  ,ചെറുകോൽ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ,  രാമകൃഷ്ണമഠത്തിലെ സ്വാമി നന്ദാത്മജാനന്ദ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോ. സെക്രട്ടറി എം.കെ.ദിവാകരൻ, ഹിന്ദു ഐക്യവേദി വക്താവ് ഇ.എസ്.ബിജു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന്  നടന്ന യതി പൂജയിൽ കേരളത്തിലെ വ്യത്യസ്ത സമ്പ്രദായങ്ങളിൽപ്പെട്ട നാല്പത്തി രണ്ട് സന്യാസിമാർ പങ്കെടുത്തു.