Wednesday, May 1, 2024
keralaNews

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങുകള്‍ നടന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലം നിറ ചടങ്ങുകള്‍ നടന്നു. 1200 ഓളം കതിര്‍ക്കറ്റകളാണ് ഇല്ലം നിറയ്ക്കുന്നതിന് വേണ്ടി ഇത്തവണ ഗുരുവായൂരപ്പന്റെ നടയില്‍ എത്തിച്ചത്. ഇല്ലം നിറ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തില്‍ മണിക്കൂറുകളോളം ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.കാര്‍ഷിക സമൃദ്ധിയുടെ വരവറിയിച്ച് നടത്തുന്നതാണ് ഇല്ലം നിറ ചടങ്ങ്. ഇതിനായി പാരമ്പര്യ അവകാശികളായ മനയത്ത്, അഴീക്കല്‍ കുടുംബങ്ങളിലെ അംഗങ്ങളും ഭക്തരും ചേര്‍ന്ന് 1200-ല്‍ ഏറെ കതിര്‍ക്കറ്റകളാണ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. കതിര്‍ക്കറ്റകള്‍ കിഴക്കേ ഗോപുരകവാടത്തില്‍ അരിമാവ് അണിഞ്ഞ് നാക്കിലവെച്ചതില്‍ സമര്‍പ്പിച്ച ശേഷം കീഴ്ശാന്തി നമ്പൂതിരി തീര്‍ത്ഥം തളിച്ച് ശുദ്ധി വരുത്തി നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു.

ക്ഷേത്രം പ്രദക്ഷിണം വെച്ച് ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തില്‍ വരിയായി കതിര്‍ക്കറ്റകള്‍ സമര്‍പ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി സര്‍വൈശ്വര്യ പൂജയും, ലക്ഷ്മി പൂജയും നടത്തി. കതിരുകളില്‍ ഒരുപിടി പട്ടില്‍ പൊതിഞ്ഞ് ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ശ്രീലകത്ത് ചാര്‍ത്തി. പൂജിച്ച കതിര്‍ക്കറ്റകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കിയതോടെ ചടങ്ങുകള്‍ക്ക് സമാപനമായി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ കതിര്‍ക്കറ്റകള്‍ ഇപ്രാവശ്യം ചടങ്ങിനായി ഭഗവാന്റെ തിരുനടയിലെത്തിച്ചു. ബുധനാഴ്ചയാണ് തൃപ്പുത്തരി ചടങ്ങ് നടക്കുക. കൊയ്തെടുത്ത നെല്ലുകൊണ്ട് പായസമുണ്ടാക്കി ഭഗവാന് നിവേദിക്കുന്നതാണ് തൃപ്പുത്തരി ചടങ്ങ്.