Sunday, April 28, 2024
keralaNews

മോഫിയ പര്‍വീണിന്റെ 17 സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലുവയില്‍ മരിച്ച നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ 17 സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഫിയയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച 17 നിയമവിദ്യാര്‍ഥികളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.എസ്പിക്കു പരാതി നല്‍കാനായി നാല് വിദ്യാര്‍ഥിനികളെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടതിനാണ് കസ്റ്റഡിയിലെടുത്തതെന്നു വിദ്യാര്‍ഥിനികള്‍ പറയുന്നു. എസ്പി ഓഫിസിലേയ്ക്ക് അനുമതി ഇല്ലാതെ പ്രതിഷേധം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. നിലവില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് വിവരം. പകരം ഇവരെ സ്ഥലത്തുനിന്നു മാറ്റുകയാണ് പൊലീസ് ചെയ്തത്.വിദ്യാര്‍ഥികളെ കളമശേരി ക്യാംപിലേയ്ക്കു കൊണ്ടു പോകുന്നമെന്നാണ് ആദ്യം അറിയിച്ചത്. ഇപ്പോള്‍ ഇവരെ എടത്തല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഇവിടെ പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിക്കുകയാണ്. വിദ്യാര്‍ഥികളെ വിട്ടയയ്ക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തേയ്ക്കു പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.