Monday, April 29, 2024
keralaNewsUncategorized

മോന്‍സന്‍ മാവുങ്കല്‍ കേസ് . മോഹന്‍ലാലിന് ഇഡിയുടെ നോട്ടീസ്

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ നടന്‍ മോഹന്‍ലാലിന് ഇഡിയുടെ (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ്. 

മോന്‍സന്റെ മ്യൂസിത്തില്‍ പോയത് സംബന്ധിച്ച് വിശദീകരണം തേടാനാണ് ഇഡി മോഹന്‍ലാലിന് നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി മൊഴി നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സിനിമാ താരങ്ങളും ഉന്നത ഉദ്യോഗസ്ഥരും അടക്കം സമൂഹത്തിലെ പ്രമുഖരുമായി മോന്‍സന്‍ മാവുങ്കല്‍ ബന്ധം പുലര്‍ത്തിയിരുന്നതായി ഇഡിയും ക്രൈംബ്രാഞ്ചും നേരത്തെ കണ്ടെത്തിയിരുന്നു.

സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അടക്കമുള്ളവര്‍ മോന്‍സന്റെ വീട്ടിലെത്തിയിരുന്നു. മറ്റൊരു സിനിമാതാരം വഴി മോഹന്‍ലാലിന്റെ വീട്ടില്‍ മോന്‍സന്‍ നേരിട്ടെത്തി സന്ദര്‍ശനം നടത്തിയിരുന്നതായും വിവരമുണ്ട്.

മോഹന്‍ലാലും മോന്‍സനും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം നേരത്തെ ഇഡി ശേഖരിച്ചിരുന്നു. ആരാണ് മോഹന്‍ലാലിനെ മോന്‍സന്റെ വീട്ടിലേക്ക് കൊണ്ടു പോയത്. എന്തിനാണ് പോയത്,

എന്തെങ്കിലും ഇടപാടുകള്‍ മോഹന്‍ലാലും മോന്‍സനും തമ്മിലുണ്ടായോ എന്നീ കാര്യങ്ങളാണ് പ്രധാനമായും ഇഡിക്ക് അറിയേണ്ടത്.

മോഹന്‍ലാല്‍ അടക്കമുള്ള സിനിമാ താരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് മോന്‍സന്‍ മാവുങ്കലില്‍ നിന്നും നേരത്തെ തന്നെ ഇഡി വിശദമായ മൊഴി ശേഖരിച്ചിരുന്നു