Tuesday, May 14, 2024
NewsSportsworld

കൊറോണ വ്യാപനം: എഎഫ്‌സി ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തില്‍ നിന്ന് ചൈന പിന്‍വാങ്ങി

രാജ്യത്തെ കൊറോണ സാഹചര്യം കണക്കിലെടുത്ത് 2023 എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ആതിഥേയത്വം വഹിക്കാനുള്ള അവകാശം ചൈന ഉപേക്ഷിച്ചതായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്‌സി) ശനിയാഴ്ച പ്രഖ്യാപിച്ചു.               

വന്‍കരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24 ദേശീയ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് നാല് വര്‍ഷത്തില്‍ ഒരിക്കലാണ് നടക്കുന്നത്. അടുത്ത വര്‍ഷം ജൂണ്‍ 16 മുതല്‍ ജൂലൈ 16 വരെ 10 നഗരങ്ങളിലായാണ് ചാമ്പ്യന്‍ഷിപ്പ് നടക്കേണ്ടിയിരുന്നത്.

ടൂര്‍ണമെന്റിന്റെ ആതിഥേയത്വം സംബന്ധിച്ച തീരുമാനം യഥാസമയം വെളിപ്പെടുത്തുമെന്ന് എഎഫ്‌സി അറിയിച്ചു. ഈ മാസം ആദ്യം ഏഷ്യന്‍ ഗെയിംസ് സംഘാടകരായ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ, സെപ്റ്റംബറില്‍ ചൈനീസ് നഗരമായ ഹാങ്ഷൗവില്‍ നടക്കാനിരുന്ന കായിക മാമാങ്കം 2023 വരെ മാറ്റിവച്ചു. ചൈന സീറോ-കോവിഡ് നയം നടപ്പിലാക്കുന്നതിന്റ ഭാഗമായി നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഒമിക്‌റോണ്‍ വകഭേദത്തിന്റെ വ്യാപനത്തിന്റെ ഫലമായി രാജ്യത്തുടനീളമുള്ള നഗരങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ നേരിടുകയാണ്.

തലസ്ഥാനമായ ബീജിംഗ് ഉള്‍പ്പെടെയുള്ള മറ്റ് നഗരങ്ങള്‍ അധിക നിയന്ത്രണങ്ങളും പതിവ് പരിശോധനകളും തുടരുകയാണ്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഷാങ്ഹായ് നഗരം ഒരു മാസത്തിലേറെയായി പൂട്ടിയിരിക്കുകയാണ്. ഫെബ്രുവരിയില്‍ കര്‍ശനമായ ആരോഗ്യ നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ ബീജിംഗില്‍ നടന്ന വിന്റര്‍ ഒളിമ്പിക്‌സ് ഒഴികെ, ചൈനയിലെ മിക്ക അന്താരാഷ്ട്ര കായിക ഇനങ്ങളും മഹാമാരി കാരണം മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തു.

ചൈനീസ് ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രിക്‌സ് 2019 മുതല്‍ നടന്നിട്ടില്ല. അതേസമയം ചൈനീസ് താരം പെങ് ഷുവായിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടര്‍ന്ന് ഡബ്ല്യുടിഎ ടൂര്‍ണ്ണമെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഷാങ്ഹായ് മാസ്റ്റേഴ്സും ഒക്ടോബറില്‍ നടക്കുന്ന ചൈന ഓപ്പണും ഉള്‍പ്പെടെ നാല് എടിപി ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ചൈന ഈ വര്‍ഷം ആതിഥേയത്വം വഹിക്കും.

പുതിയ ഫുട്ബോള്‍ സീസണ്‍ എപ്പോള്‍ ആരംഭിക്കുമെന്ന് ചൈനീസ് സൂപ്പര്‍ ലീഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈയിലെ ഈസ്റ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശവും ചൈനീസ് ഫുട്ബോള്‍ അസോസിയേഷന് വിട്ടുകൊടുത്തിരുന്നു. ഈ ടൂര്‍ണമെന്റ് ഇപ്പോള്‍ ജപ്പാനില്‍ നടക്കുന്നു.