Wednesday, May 1, 2024
keralaNewspolitics

മോദി നാളെ കോന്നിയിലും തിരുവനന്തപുരത്തും

എന്‍ഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീണ്ടും കേരളത്തിലെത്തും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയിലും ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള തിരുവനന്തപുരം ജില്ലയിലുമാണു മോദിയെത്തുന്നത്.

ഉച്ചയ്ക്ക് 2നു പ്രമാടം സ്റ്റേഡിയത്തിലാണ് കോന്നിയിലെ പൊതുപരിപാടി. 4ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും പ്രധാനമന്ത്രി പ്രസംഗിക്കും.തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ പരിപാടിക്കു സ്ഥലം അനുവദിക്കാതെ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തിയെന്നും പൊതുപരിപാടി ഒഴിവാക്കി റോഡ് ഷോ ആക്കാന്‍ വരെ ആലോചിച്ചുവെന്നും ബിജെപി ആരോപിച്ചിട്ടുണ്ട്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് ജില്ലയില്‍ പര്യടനത്തില്‍ പങ്കെടുക്കും. സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്താനും തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കാട്ടാക്കട മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടാനും ലക്ഷ്യമിട്ടാണു ബിജെപി പ്രവര്‍ത്തിക്കുന്നത്. അതേസമയം, അഭിപ്രായവ്യത്യാസം തുടരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനു വോട്ടു തേടി കെ.സുരേന്ദ്രനെത്തി.

മാര്‍ ഇവാനിയോസ് നഗര്‍ മുതല്‍ നാലാഞ്ചിറ സ്റ്റെപ് ജംക്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ഇരുവരും ഒരുമിച്ച് റോഡ് ഷോ നടത്തി. ശോഭ വലിയ വിജയം നേടുമെന്നു സുരേന്ദ്രനും വോട്ടര്‍മാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കം വിലപ്പോകില്ലെന്നു ശോഭയും പ്രതികരിച്ചു.