Thursday, May 2, 2024
keralaNews

മൂവാറ്റുപുഴയിലെ വീടു ജപ്തി ചെയ്ത വിവാദ സംഭവം :എംഎല്‍എയുടെ ചെക്ക് സ്വീകരിച്ചു.

കൊച്ചി :മൂവാറ്റുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഇറക്കിവിട്ടു വീടു ജപ്തി ചെയ്ത വിവാദ സംഭവത്തില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നാടകീയ രംഗങ്ങള്‍. വീടു ജപ്തി ചെയ്യപ്പെട്ട കുടുംബം കടം തീര്‍ക്കുന്നതിനായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ചെക്കുമായി എത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍.നിലവില്‍ കടം തീര്‍ത്ത നിലയിലാണെന്നും അതുകൊണ്ടു തന്നെ ചെക്ക് സ്വീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ജീവനക്കാര്‍ വ്യക്തമാക്കിയത്. ഇതോടെയാണ് തര്‍ക്കം രൂപപ്പെട്ടത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ശമ്പളം ഉള്‍പ്പട്ട തുകയുടെ 1,35,686 രൂപയുടെ ചെക്കാണ് ഇവര്‍ സമര്‍പ്പിച്ചത്.

കടം തീര്‍ത്ത വിവരം അറിയിച്ചിട്ടില്ലെന്നും കടം തീര്‍ക്കാനാണ് വന്നതെന്നും വീട്ടുടമസ്ഥന്‍ അജേഷും ഭാര്യ മഞ്ജുവും നിലപാട് എടുത്തതോടെ ബാങ്ക് ജീവനക്കാര്‍ക്ക് ചെക്ക് സ്വീകരിക്കാതെ വയ്യെന്നായി. തുടര്‍ന്ന് അവര്‍ ചെക്ക് സ്വീകരിക്കുകയായിരുന്നു. പക്ഷേ അജേഷിന്റെ ലോണ്‍ അക്കൗണ്ടിലേക്ക് വരവു വയ്ക്കാനാകില്ലെന്ന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജീവനക്കാര്‍ വ്യക്തമാക്കി. എന്നാല്‍ സിഐടിയുവിനു പണം നല്‍കില്ലെന്ന് ജപ്തിക്കിരയായ കുടുംബം നിലപാടെടുത്തു.

ഗൃഹനാഥന്‍ അജേഷ് ചികിത്സയ്ക്കു പുറത്തു പോയിരിക്കുമ്പോഴാണ് വായ്പയ്ക്ക് ഈടു നല്‍കിയ വീട് ബാങ്ക് ജപ്തി ചെയ്യാനെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തു നിര്‍ത്തിയുള്ള നടപടിക്കെതിരെ എംഎല്‍എ മാത്യു കുഴല്‍നാടന്‍ രംഗത്തു വരികയും പൂട്ടു പൊളിച്ചു കുഞ്ഞുങ്ങളെ വീടിനുള്ളില്‍ പ്രവേശിപ്പിക്കുകുയം ചെയ്തു. ബാങ്ക് ലോണ്‍ താന്‍ തീര്‍ത്തുകൊള്ളാമെന്നു പ്രഖ്യാപിച്ചെങ്കിലും സംഭവം വിവാദമായതോടെ ബാങ്കിലെ ഇടതു പക്ഷ സംഘടനാ ജീവനക്കാര്‍ പിരിച്ച് ലോണ്‍ തീര്‍ക്കുകയായിരുന്നു. പിന്നാലെ, തന്നോടു ചോദിക്കാതെയാണ് കടം തീര്‍ത്തതെന്ന വാദവുമായി അജേഷ് രംഗത്തു വന്നിരുന്നു.