Friday, May 17, 2024
keralaNewspolitics

കണ്ണൂരില്‍ കെ വി തോമസിന് ചുവന്ന ഷാള്‍ കൊണ്ട് സ്വീകരണം

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് ചുവന്ന ഷാള്‍ കൊണ്ട് സ്വീകരണം.

കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ തോമസിനെ എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്വീകരിച്ചത്.

ചുവന്ന ഷാള്‍ ഏറ്റുവാങ്ങിയതിനെ കുറിച്ചുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിയിലേക്കല്ല പാര്‍ട്ടി കോണ്‍ഗ്രസിലേക്കാണ് താന്‍ വന്നതെന്നായിരുന്നു തോമസിന്റെ മറുപടി.

നിറമേതായാലും ഷാള്‍ ആണ് അണിയിച്ചത്. വീട്ടില്‍ താമര നട്ടപ്പോള്‍ ബി ജെ പി യിലേക്ക് പോവുന്നു എന്ന പ്രചരണം നടന്നു. സുഹൃത്തെന്ന നിലയിലാണ് എം.വി.ജയരാജന്‍ ഷാള്‍ അണിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.പറയാനുള്ളത് സെമിനാറില്‍ പറയുമെന്നും കെ വി തോമസ് വ്യക്തമാക്കി.     സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടിയുണ്ടായേക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

നേതൃത്വത്തെ വെല്ലുവിളിച്ച മുന്‍ കേന്ദ്രമന്ത്രിക്കെതിരെ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ച കെ വി തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കനത്ത അപമാനമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് തുറന്നടിച്ചിരുന്നു.

കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോകേണ്ടി വന്നാല്‍ കെ വി തോമസ് വഴിയാധാരമാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.