Monday, May 20, 2024
keralaNews

മൂന്നാം തരംഗം ഫലപ്രദമായി നേരിടുന്നതിന് കര്‍മ പദ്ധതി.

കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിനു കര്‍മ പദ്ധതി രൂപീകരിച്ച് ആരോഗ്യ വകുപ്പ്.ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം പരമാവധി ജനങ്ങള്‍ക്ക് വാക്സീന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും.
പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്സീന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. അതിന് ആവശ്യമായ വാക്സീന്‍ ലഭ്യമാക്കേണ്ടതാണ്. അതിനുള്ള സൗകര്യങ്ങളും ജീവനക്കാരെയും വര്‍ധിപ്പിക്കണം.റജിസ്ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്സീന്‍ സുഗമമായി നടത്തണം.

സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റെയും ലോക്ഡൗണിന്റെയും ഫലമായി രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരികയാണ്. നിലവില്‍ കോവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനത്തില്‍ മാത്രമാണു രോഗികളുള്ളത്.മൂന്നാം തരംഗം മുന്നില്‍ കണ്ട് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും.ഓക്സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണം കൂട്ടും.
ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉല്‍പാദനം 60 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അനുവദിച്ച ഓക്സിജന്‍ പ്ലാന്റുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതാണ്.മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധനാ സാമഗ്രികള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നേരത്തേ സംഭരിക്കാന്‍ കെഎംഎസ്സിഎലിനു നിര്‍ദേശം നല്‍കി.