Saturday, April 27, 2024
keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിട്ടതിലുള്ള പ്രതിഷേധം തമിഴ്‌നാടിനെയും അറിയിക്കും ;ജലവിഭവമന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിട്ടതിലുള്ള പ്രതിഷേധം കേന്ദ്ര ജല കമ്മിഷനെയും മേല്‍നോട്ട സമിതി ചെയര്‍മാനെയും തമിഴ്‌നാടിനെയും അറിയിക്കുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. രാത്രികാലങ്ങളില്‍ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണം. ജലനിരപ്പ് 142 അടിയായാല്‍ പകല്‍ തന്നെ കൂടുതല്‍ വെള്ളം തുറന്നു വിടണം.രാത്രിയില്‍ വെള്ളം ഒഴുക്കുന്ന സ്ഥിതി ഒട്ടും ഭൂഷണമല്ല. ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്തു പുതിയ അണക്കെട്ട് നിര്‍മിക്കാനായി പരസ്പര സഹകരണത്തിനാണ് ശ്രമിക്കുന്നത്. തമിഴ്‌നാടുമായി തര്‍ക്കമില്ല. തമിഴ്‌നാടിനു വെള്ളവും കേരളത്തിനു സുരക്ഷയുമാണ് ഉറപ്പാക്കേണ്ടത്. സമുദ്രനിരപ്പില്‍നിന്ന് 792.2 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലെ വാണിങ് ലെവല്‍ 794.2 അടി ആയിരുന്നു. അത് 794.05 വരെയെത്തി. 795 അടിയാണ് അപകട ലെവല്‍. 2018ല്‍ 797 ആയിരുന്നു ലെവല്‍. അത്ര പ്രശ്‌നമുണ്ടായില്ലെങ്കിലും ഇന്നലെ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനെ ബാധിച്ചു.ടണലില്‍കൂടി 2300 ക്യുസെക്‌സ് വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. പുറത്തേക്കു ഒഴുക്കുന്നതു കൂടി കണക്കിലെടുത്താല്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളമാണ് ഡാമിനു പുറത്തേക്കു പോകുന്നത്. ജലനിരപ്പ് കൂടാത്തതിനാലാകും ഇങ്ങനെ ചെയ്യുന്നതെന്നു മന്ത്രി പറഞ്ഞു. രാത്രിയില്‍ ജലം ഒഴുക്കിവിടാതെ പകല്‍ ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ, മുല്ലപ്പെരിയാര്‍ ഡാമില്‍ തുറന്ന ഒന്‍പത് ഷട്ടറുകളില്‍ ആറെണ്ണം അടച്ചു. ജലനിരപ്പ് 141.95 അടിയായി; 3 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്.