Tuesday, May 21, 2024
keralaNewsObituarypolitics

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്നു വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 1928 ഏപ്രില്‍ 12 ന് വക്കം കടവിളാകത്തു വീട്ടില്‍ കെ. ഭാനുപ്പണിക്കരുടെയും ഭവാനിയുടെയും മകനായി ജനിച്ച പുരുഷോത്തമന്‍ 1946 ല്‍ വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. 1952 ല്‍ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച് വക്കം പഞ്ചായത്ത് അംഗമായി. സ്റ്റുഡന്റ്‌സ് കോണ്ഗ്രസിലൂടെ 1946ല്‍ രാഷ്ട്രീയത്തിലെത്തി. 1971 മുതല്‍ 77 വരെ കൃഷി, തൊഴില്‍ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 1980 ല്‍ ആരോഗ്യ ടൂറിസം മന്ത്രിയായി. 2004ല്‍ ധനമന്ത്രിയായിരുന്നു.
1956 ല്‍ ഹൈക്കോടതി ബഞ്ചിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്നു ബിരുദവും അലിഗഡ് സര്‍വകലാശാലയില്‍നിന്ന് എംഎയും എല്‍എല്‍ബിയും പാസായശേഷം തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ ആര്‍.ശങ്കറിന്റെ നിര്‍ബന്ധം കാരണമാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലെത്തിയത്. അഭിഭാഷക ജോലിയില്‍ നിന്നാണ് വക്കം പുരുഷോത്തമന്‍ രാഷ്ട്രീയത്തിലേക്കെത്തിയത്.  മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്‌സഭാ അംഗം, രണ്ട് തവണ ഗവര്‍ണര്‍, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കര്‍ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കര്‍ എന്നി പദവികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പഞ്ചായത്ത് അംഗമായി പാര്‍ലമെന്ററി ജീവിതം ആരംഭിച്ചു. ദീര്‍ഘകാലം ആറ്റിങ്ങലില്‍ നിന്ന് നിയമസഭയിലെത്തി. രണ്ടു തവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. വക്കം പുരുഷോത്തമന്‍ കേരളത്തിലെ ഏറ്റവും മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാളായിരുന്നു. കൃഷി, ആരോഗ്യം, ടൂറിസം, തൊഴില്‍, ധനകാര്യം എന്നീ വകുപ്പുകളില്‍ വക്കം കയ്യൊപ്പു ചാര്‍ത്തി. ഭാര്യ: മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ.ലില്ലി. മക്കള്‍: ബിനു, ബിന്ദു, പരേതനായ ബിജു.
മുഖ്യമന്ത്രി അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിലെ ഏറ്റവും തല മുതിര്‍ന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.                                                                പാര്‍ലമെന്റേറിയന്‍, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളില്‍ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമന്‍ സ്പീക്കര്‍ പദവിയിലും ഗവര്‍ണര്‍ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയില്‍ നിന്ന് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ നേതൃശേഷി പൊതുവില്‍ അംഗീകരിക്കപ്പെട്ടതായിരുന്നു എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.                                                                          വൈഷമ്യമേറിയ ഒരു ഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാരൂപം കാര്യക്ഷമമാക്കി നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വക്കം വഹിച്ചത്. മന്ത്രിയെന്ന നിലയില്‍ വികസനോന്മുഖമായ വീക്ഷണം പുലര്‍ത്താന്‍ ശ്രദ്ധിച്ചു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ എംപി എന്ന നിലയില്‍ സദാ സന്നദ്ധത പുലര്‍ത്തിയിരുന്നു. വക്കം പുരുഷോത്തമന്റെ വേര്‍പാടില്‍ ദുഃഖം അനുഭവിക്കുന്ന കുടുംബാംഗങ്ങളെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും മറ്റെല്ലാവരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു

വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു. നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു അദ്ദേഹമെന്ന് ഷംസീര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.