Friday, May 3, 2024
keralaNews

മുണ്ടക്കയത്ത് വയോധികന്‍ മരിച്ച സംഭവത്തില്‍ മകനെ റിമാന്റ് ചെയ്തു .

  • കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

  • മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

ആഹാരവും – മരുന്നും,മറ്റ് സുരക്ഷിതമായ പരിഗണനയും ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വയോധികനായ പൊടിയന്‍ മരിച്ച സംഭവത്തില്‍ ഇളയ മകനായ റജിയെ പോലീസ് റിമാന്റ് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പോലീസ് റജിയെ കസ്റ്റഡിയിലെടുത്തിരുന്നു .പൊടിയന്റെ ഭാര്യ അമ്മിണി ആശുപത്രിയില്‍ ചികിത്സയിലാണ് .ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി ,സാമൂഹികക്ഷേമ വകുപ്പ് കോട്ടയം ജില്ലാ ഡയറക്ടര്‍ പി പി ചന്ദ്രബോസ് എന്നിവരുട നേതൃത്വത്തിലുള്ള സംഘം ഇന്നലെ മരണപ്പെട്ട പൊടിയന്റെ വീട് സന്ദര്‍ശിക്കുകയും മരണകാരണം സംബന്ധിച്ച് പ്രദേശവാസികളുമായും, ജനപ്രതിനിധികളുമായും, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി സബ്കളക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.പട്ടിണി മൂലമാണോ അതോ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ആണോ പൊടിയന്റെ മരണം സംഭവിച്ചതെന്നും, വീട്ടുകാരുടെ ഭാഗത്തുനിന്നോ, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നുമെല്ലാം സബ്കളക്ടര്‍ പരിശോധിച്ചു.സമീപത്തുള്ള അംഗന്‍വാടിയില്‍ സന്ദര്‍ശനം നടത്തിയ സബ്കളക്ടര്‍ അംഗന്‍വാടി അധ്യാപികയുമായി വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി.സംഭവം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കുമെന്നും സബ്കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി ഇന്നലെ പറഞ്ഞിരുന്നു .വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. മുണ്ടക്കയം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ അസംമ്പനിയില്‍ തൊടിയില്‍ വീട്ടില്‍ പൊടിയനാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്, മുറിക്കുള്ളില്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു മാനസികരോഗിയായ പൊടിയന്റെ ഭാര്യ അമ്മിണിയും പൊടിയനും കിടന്നിരുന്നത്. ഇളയമകന്‍ റെജിയോട് ഒപ്പമായിരുന്നു ഇരുവരും താമസിച്ചുവന്നിരുന്നത്. മദ്യത്തിന് അടിമയായ റെജി മാതാപിതാക്കള്‍ക്ക് ഭക്ഷണം മരുന്നു ഒന്നും നല്‍കിയിരുന്നില്ല.വീട്ടിലേക്ക് മറ്റാരും കടന്നു വരാതിരിക്കാന്‍ മുറിക്കുള്ളില്‍ ഒരു വളര്‍ത്തു നായയും പൂട്ടിയിരുന്നു.ഇതുമൂലം പുറംലോകം വിവരങ്ങള്‍ അറിഞ്ഞതുമില്ല. കഴിഞ്ഞദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പൊടിയനെയും,അമ്മിണിയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊടിയന്റെ ജീവന്‍ രക്ഷിക്കാനായില്ല, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊടിയന്റെ വയറ്റില്‍ വെള്ളം മാത്രമാണ് കണ്ടെത്തുവാന്‍ കഴിഞ്ഞത്, ഭക്ഷണാവശിഷ്ടങ്ങള്‍ ഒന്നും കണ്ടെത്താനായിട്ടില്ല, ഭക്ഷണം ലഭിക്കാത്തതോ, വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഭക്ഷണം കഴിക്കാന്‍ ആവാതെ വന്നതാണോ എന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാനാകൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയം ജില്ലാ സബ് കലക്ടറും സാമൂഹിക നീതി വകുപ്പ് കോട്ടയം ജില്ല ഡയറക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനത്തിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും അധികൃതര്‍ പറഞ്ഞു.