Tuesday, May 14, 2024
Local NewsNews

മുക്കൂട്ടുതറയിലെ പെട്രോള്‍ പമ്പിനെതിരെ വ്യാജ പ്രചരണം നടത്തുന്നതായി പമ്പ് ഉടമ

എരുമേലി: മുക്കൂട്ടുതറയില്‍ പ്രവര്‍ത്തിക്കുന്ന കൊണ്ടാട്ടുകുന്നേല്‍ പെട്രോള്‍ പമ്പിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നതായി പമ്പ് ഉടമയുടെ പരാതി. കഴിഞ്ഞ ദിവസം പമ്പില്‍ നിന്നും ബൈക്കില്‍ നിറച്ച ഇന്ധനത്തില്‍ വെള്ളം ഉണ്ടായിരുന്നുവെന്ന രീതിയില്‍ മുക്കൂട്ടുതറ സ്വദേശി ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പമ്പിലെത്തി പരിശോധന നടത്തിയെങ്കിലും വെള്ളത്തിന്റെ അംശം കണ്ടെത്താനായില്ല. വ്യാജ പരാതി നല്‍കിയും വ്യാജ പ്രചരണം നടത്തിയും വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഇയാള്‍ ശ്രമിക്കുകയാണെന്ന് ഉടമ ആന്റണി ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യാജ പ്രചരണത്തിലൂടെ കച്ചവടത്തില്‍ ഇടിവ് ഉണ്ടായതായി മാനേജര്‍ ഉല്ലാസും ആരോപിച്ചു. ടാങ്കില്‍ വെള്ളത്തിന്റെ അളവ് ഉണ്ടായാല്‍ പമ്പിന്റെ പ്രവര്‍ത്തനം ഓട്ടോമാറ്റിക് ആയി നിലക്കും. താലൂക്ക് സപ്ലൈ ഓഫീസര്‍ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകളും നടത്തിയിരുന്നു. വ്യാജ പ്രചരണം നടത്തിയയാള്‍ക്കെതിരെ എരുമേലി പൊലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ സോഷ്യല്‍ മീഡിയായില്‍ നിന്നും പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ വീണ്ടും ഇയാള്‍ വ്യാജ പ്രചരണങ്ങള്‍ പ്രചരിപ്പിക്കുന്നതായും ആന്റണി ജോസഫ് പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇവര്‍ പറഞ്ഞു.