Sunday, May 19, 2024
keralaNews

മീനച്ചിലാര്‍ കരകവിഞ്ഞു :പാലാ, ഈരാറ്റുപേട്ട മേഖലകളില്‍ വെള്ളം കയറി.

കോട്ടയം :കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണി. പാലാ, ഈരാറ്റുപേട്ട മേഖലകളിലാണ് മീനച്ചിലാര്‍ കരകവിഞ്ഞത്. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണു നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്.മൂന്നിലവ് രണ്ടാറ്റുമുന്നി- വാകക്കാട് റോഡില്‍ വെള്ളം കയറി. മീനച്ചിലാറ്റില്‍ ജലനിരപ്പ് പലയിടത്തും ഇരുകരകള്‍ കവിഞ്ഞു. ഈരാറ്റുപേട്ട ടൗണ്‍ കോസ് വേ, അരുവിത്തുറ കോളജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു.ഏറ്റുമാനൂര്‍ – പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലായ്ക്കു സമീപം മൂന്നാനിയില്‍ വെള്ളം കയറി. പാലാ തൊടുപുഴ റോഡില്‍ മുണ്ടുപാലത്തും കൊല്ലപ്പള്ളിയിലും പാലാ രാമപുരം റോഡില്‍ കരൂരിലും വെള്ളം കയറി. ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. മഴ ശമിച്ചതോടെ വെള്ളം ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.ഇടമറ്റം – പൈക റോഡില്‍ വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി. മണിമലയാറ്റിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്. ജില്ലയുടെ മലയാര മേഖലയില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ കനത്ത മഴയായിരുന്നു. ഇന്നു രാവിലെയോടെ മഴ കുറഞ്ഞു.