Monday, May 6, 2024
keralaNewsObituary

മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു.

എഴുത്തുകാരനും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ (81) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. പത്തിലേറെ നോവലുകളും അഞ്ചു തിരക്കഥകളും എഴുതിയിട്ടുണ്ട്. പത്തോളം സിനികളില്‍ അഭിനയിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (കരുണം 2000)), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം മഹാപ്രസ്ഥാനം 1982) എന്നിവ ലഭിച്ചിട്ടുണ്ട്.

1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരി എന്നാണ് യാഥാര്‍ഥ പേരെങ്കിലും വിളിപ്പേരായ കുഞ്ഞുക്കുട്ടന്‍ പിന്നീട് ഔദ്യാഗിക പേരാക്കി. പരമ്പരാഗതമായ സംസ്‌കൃതപഠനത്തിനു ശേഷമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 16 വയസ്സിനു മുന്‍പ് നാലുവര്‍ഷം അമ്പലങ്ങളില്‍ ശാന്തിക്കാരനായി. റേഡിയോ റിപ്പയറിങ്, സ്‌പ്രേ പെയിന്റിങ് തുടങ്ങിയ ജോലികളും ചെയ്തു. ടെപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ട്യൂട്ടോറിയല്‍ കോളജും നടത്തിയിരുന്നു. പൂമുള്ളി ആറാം തമ്പുരാനില്‍നിന്ന് ആനവൈദ്യം പഠിച്ചിട്ടുണ്ട്. തൃശൂര്‍ ആകാശവാണിയില്‍ കുറച്ചുകാലം ജോലിചെയ്തിരുന്നു.

ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപകനായിരിക്കെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നാടകങ്ങള്‍ എഴുതിയാണ് സാഹിത്യജീവിതത്തിന്റെ തുടക്കം. 1970 ല്‍ എഴുതിയ അശ്വത്ഥാമാവാണ് ആദ്യ നോവല്‍. തൊട്ടുപിന്നാലെ വന്ന ഭ്രഷ്ട് എന്ന നോവല്‍ വിവാദമുണ്ടാക്കി. ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിനാണ് ആദ്യമായി തിരക്കഥയെഴുതിയത്. തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന രക്ഷാധികാരിയാണ്. 2001 ല്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.

സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്. അശ്വത്ഥാമാവ് സിനിമയാക്കിയപ്പോള്‍ തിരക്കഥയെഴുതി. നായകനായി അഭിനയിച്ചു. പൈതൃകം, ആനച്ചന്തം, വടക്കുംനാഥന്‍, കരുണം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, മാരാരാശ്രീ, എന്തരോ മഹാനുഭാവുലു, പോത്ത്, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ, കോളനി, പുതിയ പഞ്ചതന്ത്രം, സാരമേയം, തോന്ന്യാസം തുടങ്ങിയവയാണ് നോവലുകള്‍, മകള്‍ക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകള്‍. ഭാര്യ: പരേതയായ സാവിത്രി അന്തര്‍ജനം. മക്കള്‍: ഹസീന, ജസീന.