Friday, May 17, 2024
EntertainmentkeralaNews

മലയാള സിനിമകള്‍ക്കായി സര്‍ക്കാര്‍ ഒ ടി ടി പ്ലാറ്റ്‌ഫോം തുറക്കുന്നു

 

മലയാള സിനിമകള്‍ക്കായി സര്‍ക്കാര്‍ ഒ ടി ടി പ്ലാറ്റ്‌ഫോം തുറക്കുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്വന്തമായി ഒ ടി ടി പ്ലാറ്റ്‌ഫോം തുറക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. കോവിഡിനെ തുടര്‍ന്ന് തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഒ ടി ടി പ്ലാറ്റ്‌ഫോം എന്ന ആശയത്തിലേക്ക് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എത്തിയത്.

അഞ്ചു കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചശേഷം വിശദമായ പദ്ധതി രേഖ തയ്യാറാക്കും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. ടെന്‍ഡര്‍ നടപടികളും റീടെന്‍ഡര്‍ നടപടികളും സെപ്തംതംബറിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തീരമാനിച്ചിരിക്കുന്നത്. ഈ വര്‍ ഷം തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് നടപടികള്‍. സിനിമകള്‍ നിര്‍മാതാക്കളില്‍ നിന്ന് വിലകൊടുത്തു വാങ്ങുന്ന രീതിയാണ് നിലവില്‍ ഒ ടി ടി പ്ലാറ്റ്‌ഫോം പിന്തുടരുന്നത്. എന്നാല്‍ ഇതിന് പകരം പ്രദര്‍ശനത്തിന്റെ വരുമാനം നിര്‍മ്മാതാക്കളും സര്‍ക്കാരും തമ്മില്‍ പങ്കുവയ്ക്കുന്ന രീതിയിലാകും പുതിയ സംരംഭം.

ഇത് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളും ഒ ടി ടി പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കും. ഒപ്പം തീയറ്ററില്‍ എത്തിക്കാന്‍ കഴിയാത്ത അവാര്‍ഡ് ചിത്രങ്ങളും, ചിത്രാഞ്ജലി പാക്കേജില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്കും കൂടുതല്‍ പരിഗണന നല്‍കും. കോവിഡിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതോടെ നിരവധി സിനിമകളാണ് വ്യത്യസ്ത ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഇതിനകം പുറത്തിറങ്ങിയത്. മലയാളത്തില്‍ ഫഹദ് ഫാസില്‍ ചിത്രം മാലിക്, പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് എന്നിവയാണ് ഏറ്റവും ഒടിവിലായി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസാകുന്നത്.