Thursday, May 16, 2024
EntertainmentkeralaNews

തരംഗിണിയിലെ ആ ശബ്ദത്തിന് അറുപതാണ്ട്

മലയാളിയുടെ അഭിരുചികള്‍ക്കും ആസ്വാദന ശീലങ്ങള്‍ക്കും ഇന്നും അപൂര്‍വമായിരിക്കുന്ന സിനിമാ സംഗീതസപര്യയുടെ ആ ശബ്ദത്തിന് അറുപതാണ്ട്. മാറുന്ന കാലത്തിനൊപ്പം നിന്ന സംഗീതാസ്വാദകരെ ഇന്നും ത്രസിപ്പിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട യേശുദാസിനൊപ്പം വായിക്കേണ്ട പേരാണ് തരംഗിണി.ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്റ്റീരിയോ ഫോണിക് സ്റ്റുഡിയോ 1980ല്‍ തിരുവനന്തപുരത്ത് തുടങ്ങി. യേശുദാസിന്റെ സംരംഭങ്ങളില്‍ ഏറ്റവും പ്രശസ്തമായ തരംഗിണി സ്റ്റുഡിയോ.കാസറ്റ് വിപ്ലവത്തിന്റെ തുടക്കമായിരുന്ന മലയാളത്തില്‍ ആദ്യമായി കാസറ്റ് വിപണിയിലെത്തിച്ചത് തരംഗിണിയാണ്. നിരവധി ആല്‍ബങ്ങള്‍ തരംഗിണിയുടെ പേരില്‍ പുറത്തിറങ്ങി.                                                                      അവയില്‍ പലതും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടി. തരംഗിണി തുടങ്ങുമ്പോള്‍ ദക്ഷിണേന്ത്യയില്‍ അന്നു ലഭ്യമായ ഏറ്റവും അധുനിക റിക്കോര്‍ഡിങ് സംവിധാനങ്ങളാണ് യേശുദാസ് എത്തിച്ചത്. ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലമായിരുന്നു ഉദ്ഘാടകന്‍. ഭദ്രദീപം കൊളുത്തിയതും ആദ്യ റിക്കോര്‍ഡിങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും യേശുദാസിന്റെ അമ്മ എലിസബത്താണ്. പിന്നീടിങ്ങോട്ട് തരംഗിണിയുടെ കാലമായിരുന്നു. മലയാള ചലച്ചിത്ര ഗാന ചരിത്രത്തിനൊപ്പം രേഖപ്പെടുത്തേണ്ട പേരായി തംരംഗിണി മാറി. സിനിമാ, ലളിത, ഭക്തി ഗാനശാഖകളില്‍ അരലക്ഷത്തോളം ഗാനങ്ങള്‍ തരംഗിണി പുറത്തിറക്കി. അതില്‍ ബഹുഭൂരിപക്ഷവും പാടിയതാകട്ടെ യേശുദാസും. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി, മറാത്തി, മലായ്, റഷ്യന്‍, അറബി, ലാറ്റിന്‍, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും തരംഗിണി കാസറ്റുകള്‍ ഇറക്കി. നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യനായിരുന്നു വര്‍ഷങ്ങളോളം തരംഗിണിയുടെ കാര്യദര്‍ശി.