Sunday, May 12, 2024
EntertainmentkeralaNewsObituary

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ജോണ്‍ പോളിന് അന്ത്യാഞ്ജലി

കൊച്ചി: നാല് പതിറ്റാണ്ട് നീണ്ട മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ സംസ്‌കാരം പൂര്‍ത്തിയായി. കൊച്ചിയിലെ ഇളംകുളത്തെ സെന്റ് മേരീസ് സുനഹോ സിംഹാസന പള്ളിയില്‍വെച്ചായിരുന്നു സംസ്‌കാരം.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

നാല് പതിറ്റാണ്ടിലധികം കാലം സിനിമാ മേഖലയില്‍ തിളങ്ങിയ പ്രിയ തിരക്കഥാകൃത്തിനെ അവസാനമായി കാണാനായി സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് എത്തിയത്.

ഇന്നലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പൊതുദര്‍ശനത്തിനായി രാവിലെ ടൗണ്‍ ഹാളിലെത്തിച്ചു. 11 മണിവരെ ഇവിടെ പ്രദര്‍ശനമുണ്ടായിരുന്നു.

തുടര്‍ന്ന് ചാവറ കള്‍ച്ചറല്‍ സെന്ററിലും മരടിലെ വീട്ടിലും പൊതു ദര്‍ശനത്തിന് വെച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.

ശ്വാസതടസ്സവും മറ്റ് അനുബന്ധ രോഗങ്ങളുമായി കഴിഞ്ഞ രണ്ട് മാസത്തോളമായി ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ശ്വാസ തടസവും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും ജോണ്‍ പോളിനെ അവശനാക്കിയിരുന്നു.

അദ്ദേഹത്തെ ചികിത്സിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചിരുന്നു. നൂറിലധികം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥയൊരുക്കിയിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത പ്രണയ മീനുകളാണ് അവസാനമായി തിരക്കഥ രചിച്ച ചിത്രം.