Friday, May 17, 2024
keralaNews

ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരങ്ങളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയാന്‍ മാറ്റി.

ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരങ്ങളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയാന്‍ മാറ്റി. നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാമെന്നും ജാമ്യം അനുവദിക്കണമെന്നും വ്‌ളോഗര്‍മാര്‍ കോടതിയെ അറിയിച്ചു. പൊതുമുതല്‍ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കള്ളക്കേസില്‍ കുടുക്കി ജയിലടക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകന്‍ മുഹമ്മദ് ഫൗസ് ആരോപിച്ചു.ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരായ ലിബിന്‍, എബിന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. നിയമവിരുദ്ധമായി ട്രാവലര്‍ രൂപം മാറ്റിയതിന് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി ബഹളംവച്ചതിന് പിന്നാലെയായിരുന്നു നടപടി. ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദ്ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ഇവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുക്കുകയായിരുന്നു.

വാന്‍ ലൈഫ് യാത്രകള്‍ നടത്തുന്ന ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ ട്രാവലര്‍ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാവിലെ കണ്ണൂര്‍ എംവിഡി ഓഫീസില്‍ എത്താന്‍ ഇരുവര്‍ക്കും നോട്ടീസും നല്‍കി. വാഹനം കസ്റ്റഡിയിലെടുത്ത വിവരം യൂടൂബിലൂടെ അറിയിച്ച ഇവര്‍ എംവിഡി ഓഫീസിലേക്ക് എത്താന്‍ ഫോളോവേഴ്‌സിനോട് ആഹ്വാനം ചെയ്തു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ഓഫിലെത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിന്റെ പിഴയും ഉള്‍പ്പടെ 42,400 രൂപ ഒടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആവശ്യപ്പെട്ടു. പിഴ ഒടുക്കാന്‍ വിസമ്മതിച്ച ഇവര്‍ ഓഫീസില്‍ ബഹളമുണ്ടാക്കി. മര്‍ദ്ദിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരോട് കയര്‍ത്തു.സോഷ്യല്‍ മീഡിയയില്‍ ഇവര്‍ നടത്തിയ പ്രചാരണത്തെ തുടര്‍ന്ന് കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂട്യൂബര്‍മാരുടെ ഫോളോവേഴ്‌സ് ഓഫീസ് പരിസരത്ത് തടിച്ച് കൂടി. പിന്നാലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ലിബിനെയും എബിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പ്രമോദ് കുമാറിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കല്‍, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.