Friday, May 17, 2024
keralaNewspolitics

മലപ്പുറം എആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്; ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം

മലപ്പുറം: ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കളളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയര്‍ന്ന മലപ്പുറം എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരെ മൊഴി നല്‍കിയവരെയടക്കം സ്ഥലം മാറ്റിയിട്ടുണ്ട്. ബാങ്കില്‍ നടന്ന 1029 കോടി രൂപയുടെ കൊള്ളയുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ കെ.ടി ജലീല്‍ മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിരുന്നു. 257 കസ്റ്റമര്‍ ഐഡികളില്‍ നിന്നായി 800 ല്‍ പരം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി അഴിമതി പണം വെളുപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇക്കാര്യം ആദായനികുതി വകുപ്പിന്റെ റാന്‍ഡം പരിശോധനയില്‍ വ്യക്തമായതായും ജലീല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്കിലെ സെക്രട്ടറിയും

കുഞ്ഞാലിക്കുട്ടിയുടെ അനുയായിയുമായ ഹരികുമാറാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നും പുറത്തുവന്നിരുന്നു. ബാങ്കിന്റെ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറില്‍ കസ്റ്റമര്‍ മേല്‍വിലാസങ്ങള്‍ വ്യാപകമായി മായ്ച്ചു കളഞ്ഞ് കൃത്രിമം നടത്തിയതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാങ്കിലെ 12 ജീവനക്കാരുടെ പേരില്‍ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപം ഉള്ളതായും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം.കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണം ഇടപാടുകള്‍ ഈ ബാങ്കില്‍ നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2012-13 കാലഘട്ടത്തില്‍ രണ്ടരക്കോടി രൂപയുടെ ഗോള്‍ഡ് ലോണ്‍ അഴിമതിയാണ് ബാങ്കില്‍ നടന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.