Friday, May 17, 2024
EntertainmentkeralaNews

മരക്കാര്‍ ഓണത്തിന് തിയേറ്ററുകളിലെത്തും; പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടാകണമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബ്രഹ്‌മാണ്ഡചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഓണത്തിന് തീയേറ്ററുകളിലെത്തും. കൊവിഡ് മഹാമാരിക്കിടെ പലതവണ റിലീസ് തീയതി മാറ്റിയശേഷമാണ് ചിത്രം ഓണം റിലീസായി ഓഗസ്റ്റ് പന്ത്രണ്ടിന് പുറത്തിറങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.സ്‌നേഹത്തോടെ, നിറഞ്ഞ മനസോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസായി ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്. അതിനു നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.തിയേറ്ററില്‍ എത്തുന്നതിനും മുമ്പ് തന്നെ മികച്ച ഫീച്ചര്‍ ഫിലിമിനുളള അവാര്‍ഡ് അടക്കം മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു. 5000 സ്‌ക്രീനുകളില്‍, അഞ്ചു ഭാഷകളിലായി, 2020 മാര്‍ച്ച് 26ന് മരയ്ക്കാര്‍ തിയേറ്ററില്‍ എത്തിക്കാനിരിക്കവെയാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നു ചേര്‍ന്നതോടെ റിലീസ് തീയതി മാറ്റിവയ്ക്കുകയായിരുന്നു.ഈ വര്‍ഷം ജനുവരിയില്‍ തിയേറ്റര്‍ തുറന്നപ്പോഴും മരയ്ക്കാര്‍ മാര്‍ച്ച് മാസം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും രണ്ടു തവണ മാറ്റിവയ്ക്കേണ്ടി വന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് മോഹന്‍ലാലാണ്.