Saturday, May 4, 2024
keralaNews

മദ്യവും മയക്കുമരുന്നും നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു

പാലക്കാട്: ഒറ്റപ്പാലം സ്വദേശിയായ പതിനേഴുകാരിക്ക് മദ്യവും മയക്കുമരുന്നും നല്‍കി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് പതിനാല് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വയനാട്,എറണാകുളം, കൊല്ലം, തൃശ്ശൂര്‍, ജില്ലകളില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ എത്തിച്ചായിരുന്നു പീഡനം. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നല്‍കിയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിലായിരുന്നു പീഡനം. പെണ്‍കുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.  രണ്ടുമാസം മുമ്പാണ് ഒറ്റപ്പാലം നഗരത്തിനടുത്ത് താമസിക്കുന്ന പതിനേഴുകാരിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി എത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പലയിടത്തും തടങ്കലില്‍ പാര്‍പ്പിച്ചതും, ലഹരി നല്‍കി പീഡിപ്പിച്ച വിവരവും പെണ്‍കുട്ടി പൊലീസീനോട് പറഞ്ഞു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇതിനു പിന്നാലെയാണ് കേസെടുത്തത്. കേസ് എടുത്തത് ഒറ്റപ്പാലം പൊലീസ് ആണെങ്കിലും പെണ്‍കുട്ടിയെ പാര്‍പ്പിച്ച് പീഡിപ്പിച്ച ജില്ലകളിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് ഈ കേസുകള്‍ കൈമാറും. പെണ്‍കുട്ടി നിലവില്‍ സിഡബ്ല്യുസിയുടെ (ഇണഇ) സംരക്ഷണയിലാണ്. കൗണ്‍സിലിങ്ങ് അടക്കം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് വിശദമായി മൊഴിയെടുത്തത്. വിവിധ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ ചൂഷണത്തിന് ഇരയാക്കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവരില്‍ പലരും ഒളിവില്‍ പോയെന്നാണ് വിവരം.