Friday, May 17, 2024
keralaNews

പാലക്കാട് കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിലെ ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട്

പാലക്കാട് കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിലെ ഒരു കോടിയിലധികം രൂപയുടെ ക്രമക്കേടില്‍ ഭരണസമിതിയിലെ പ്രമുഖനെതിരെ സിപിഎം നടപടിക്കു ശുപാര്‍ശ.പലരുടെയും പേരില്‍ വായ്പയെടുത്ത തുക സ്വന്തം അക്കൗണ്ട് വഴി തട്ടിയെടുത്തെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. നിയമം ലംഘിച്ചു പണിതീര്‍ത്ത ബാങ്കിന്റെ പുതിയ കെട്ടിടം മൂന്നു വര്‍ഷമായി പഞ്ചായത്ത് അനുമതിയില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നു സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു.

തട്ടിപ്പിന്റെ വ്യാപ്തി കരുവന്നൂര്‍ കടന്ന് കണ്ണാടിയിലുമെത്തി. നിക്ഷേപകരുടെ പണം തട്ടിയെടുത്തതാണ് കരുവന്നൂരിലെ അനുഭവമെങ്കില്‍ ഭരണസമിതിയിലെ പ്രമുഖന്‍ നിരവധിയാളുകളുടെ വായ്പ സ്വന്തം അക്കൗണ്ടിലാക്കിയെന്നതാണ് കണ്ണാടിയിലേത്. ഗുരുതര വീഴ്ചയാണു സിപിഎം നിയോഗിച്ച പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമെയാണു ബാങ്കിന്റെ കെട്ടിട നിര്‍മാണത്തിലെ അപാകതയും തെളിഞ്ഞത്. രണ്ട് നില നിര്‍മിക്കാനുള്ള അനുമതിയില്‍ മൂന്ന് നില കെട്ടി.

അഗ്‌നിശമനസേനയുടെ സുരക്ഷാകരുതലൊന്നും പൂര്‍ത്തിയാക്കിയിട്ടില്ല. നിര്‍മാണം റോഡ് വരെ നീട്ടി മതിയായ അകലം പാലിക്കാതെ കൂടുതല്‍ നിയമലംഘനം നടത്തി. മൂന്നു വര്‍ഷത്തിലധികമായി പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണു കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ബാങ്ക് നവീകരണത്തിന്റെ മറവിലും ലക്ഷങ്ങളുടെ ഇടപാടു നടന്നതായി ആരോപണമുണ്ട്. ഒന്നരക്കോടിയുടെ പദ്ധതി നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ മൂന്നരക്കോടിയായി ഉയര്‍ന്നു. ആദ്യകാലത്ത് എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയവരെ കെട്ടിട നിര്‍മാണ ഉപകരാര്‍ ഉള്‍പ്പെടെ നല്‍കി ഭരണസമിതി സ്വാധീനിച്ചു.