Thursday, May 2, 2024
indiakeralaNewsObituary

കുട്ടിയെ രക്ഷിക്കുന്നതിനിടെ 30 പേര്‍ കിണറ്റില്‍ വീണു; 4 പേര്‍ മരിച്ചു

കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ 30 ഗ്രാമീണരില്‍ 4 പേര്‍ മരിച്ചു. വിദിശ ജില്ലയിലെ ഗഞ്ച് ബസോഡയില്‍ വ്യാഴാഴ്ചയാണ് സംഭവം. 19 പേരെ രക്ഷപ്പെടുത്തി. കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചുറ്റുമതില്‍ ഇടിഞ്ഞാണ് 30 ഗ്രാമീണര്‍ കിണറ്റില്‍ വീണത്. കൂടുതല്‍ ആളുകള്‍ തിക്കിത്തിരക്കിയതിനെ തുടര്‍ന്നാണ് മതില്‍ ഇടിഞ്ഞത്. 50 അടി ആഴമുള്ള കിണറ്റില്‍ 20 അടി വെള്ളമാണുള്ളത്.

രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കുട്ടി കിണറ്റില്‍ വീണത്. തുടര്‍ന്ന് കുട്ടിയെ രക്ഷിക്കാനായി ഗ്രാമീണര്‍ തടിച്ചു കൂടി. ചിലറ കിണറ്റിലിറങ്ങി. മറ്റുള്ളവര്‍ കിണറിനു ചുറ്റും കെട്ടിയിരുന്ന പാരപ്പറ്റ് മതിലിനു മുകളില്‍ നില്‍ക്കുകയായിരുന്നു.

കൂടുതല്‍ ആളുകള്‍ കയറി നിന്നതോടെ മതില്‍ ഇടിഞ്ഞ് ഗ്രാമീണര്‍ കിണറ്റില്‍ വീഴുകയായിരുന്നു. രാത്രി 11 മണിയോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ട്രാക്ടറും നാലു പൊലീസുകാരും തെന്നി കിണറ്റില്‍ വീണതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും. സൗജന്യമായി ഇവരെ ചികിത്സിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.