Tuesday, May 14, 2024
keralaNews

മണര്‍കാട്ട് പെട്രോള്‍ പമ്പ് ഓഫിസില്‍ ആക്രമണം; മൂന്ന് വനിതാ ജോലിക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്

പൊലീസ് കാവലുണ്ടായിരുന്ന മണര്‍കാട് ജംക്ഷനിലെ പാറയില്‍ പെട്രോള്‍ പമ്പിന്റെ ഓഫിസില്‍ ഗുണ്ടാ ആക്രമണം. 3 വനിതാ ജോലിക്കാര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരുക്ക്. ആക്രമണ സംഘത്തിലുണ്ടായിരുന്ന 3 പേരെ മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് കണ്ണിമല റെജിന്‍ കെ.രാജു (37), പുതുപ്പള്ളി വള്ളിമല പി.പി.ഷരുണ്‍ (30), മണര്‍കാട് എരുമപ്പെട്ടി കടുവാക്കുഴി കെ.ആര്‍.വൈശാഖ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പമ്പ് ഉടമ പാറയില്‍ ബെന്നിയുടെ മകന്‍ ബിബിന്‍ കുരുവിള മാണി (25), വനിതാ ജീവനക്കാരായ സിമി കണ്ണന്‍, അഖിലാമോള്‍ മാത്യു, സുനിതാ വിനോദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബിബിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 2 മണിയോടെ ഒരുസംഘം ആളുകള്‍ പെട്രോള്‍ പമ്പില്‍ എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഉടമ പറയുന്നത്. ജീവനക്കാരെ മര്‍ദിച്ച ശേഷം ഇതില്‍ 4 പേര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന രണ്ടാം നിലയിലേക്ക് പാഞ്ഞു കയറി ബിബിനെയും ജീവനക്കാരികളെയും ആക്രമിച്ചു. ഈസമയം താഴെ നിന്നവര്‍ പമ്പിന്റെ ഓഫിസിലേക്ക് കല്ലെറിഞ്ഞു. സിസി ടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയത്.

മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ചിലര്‍ ഇന്നലെ രാവിലെ വന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2 പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഇവരുടെ മുന്നില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. പെട്രോള്‍ പമ്പ് ഓഫിസിന്റെ മുന്നിലെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത നിലയിലാണ്.സംഭവത്തെപ്പറ്റി പമ്പ് ഉടമ പാറയില്‍ ബെന്നി പറയുന്നത് : മണര്‍കാട് മാലം സ്വദേശിയുമായി ഒരു കേസ് നിലനിന്നിരുന്നു. ഈ കേസില്‍ കോടതി വിധി അനുകൂലമായി. ഇതിന്റെ വിരോധത്തില്‍ മറ്റൊരു കേസില്‍ കുടുക്കുന്നതിനായി ഏതാനും ദിവസമായി പ്രകോപനം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് രാവിലെ ചിലര്‍ പമ്പില്‍ എത്തി പ്രകോപനം സൃഷ്ടിച്ചത്. പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘമായി എത്തി ആക്രമണം നടത്തുകയും ഓഫിസിലുണ്ടായിരുന്ന മകനെയും വനിതാ ജീവനക്കാരികളെയും ആക്രമിച്ചത്. എന്നാല്‍ പമ്പ് ഉടമ മര്‍ദിച്ചതായി കാണിച്ച് ചിലര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു.