Tuesday, May 21, 2024
keralaNews

കോവിഡ് വ്യാപനം അതിതീവ്രം; ഇന്ന് അവലോകനയോഗം

കോവിഡ് വ്യാപനം അതിതീവ്രമാകുമ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചന. കോളജുകള്‍, ജിംനേഷ്യങ്ങള്‍,നീന്തല്‍കുളങ്ങള്‍ എന്നിവ അടച്ചിടുന്നത് ഇന്ന് ചേരുന്ന കോവിഡ് അവലോകനയോഗം തീരുമാനിക്കും. പൂര്‍ണമോ ഭാഗികമോ ആയ അടച്ചിടല്‍ കൊണ്ട് ഗുണമില്ലെന്ന് വിലയിരുത്തലിലാണ് ഉന്നതസര്‍ക്കാര്‍ വൃത്തങ്ങള്‍. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന അവലോകനയോഗത്തില്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കും.

ഫെബ്രുവരി പതിനഞ്ചോടുകൂടി കോവിഡ് വ്യാപനം പാരമ്യത്തിലെത്തിയേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ആലോചിക്കുന്നത്. എന്നാല്‍ രാത്രികാല കര്‍ഫ്യൂവോ വാരാന്ത്യലോക്ഡൗണോ നടപ്പാക്കാന്‍ സാധ്യതയില്ല . എന്നാല്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള കഴിയുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാവും കൊണ്ടുവരിക. കലാലയങ്ങള്‍ കോവിഡ് ക്ലസ്റ്ററുകളാകുന്ന സാഹചര്യത്തില്‍ കോളജുകള്‍ അടച്ചിടും. എന്നാല്‍ സ്‌കൂളുകളില്‍ 10,11,12 ക്ലാസുകള്‍ തുടരും . സ്‌കൂളുകള്‍ തുറന്നുവെച്ചിട്ട് സര്‍ക്കാര്‍ ഓഫീസുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എന്നാല്‍ ഗര്‍ഭിണികള്‍, കൊച്ചുകുട്ടികളുടെ മാതാപിതാക്കള്‍, ഗുരുതര രോഗമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചേക്കാം.