Sunday, April 28, 2024
keralaNews

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കണം.

  • രക്ഷിതാക്കള്‍ മന്ത്രിക്ക് പരാതി നല്‍കി.

എരുമേലി : ഭിന്നശേഷിക്കാരായ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന്    പരാതി.മുണ്ടക്കയം,കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് അധികൃതര്‍ക്കും ജില്ലാ സാമൂഹിക നീതി അധികൃതര്‍ക്കുമെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തുവന്നത്.സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ നിലപാടിനെതിരെ അന്വേഷണം നടത്തി നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്ദീന്‍, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.മാനസിക/ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ ഏത് തദ്ദേശ ഭരണ സ്ഥാപനത്തിന് കീഴിലാണോ ആ സ്ഥാപനം സ്‌കോളര്‍ഷിപ്പും മറ്റ് ബത്തകളും നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.പ്രതിമാസ സ്‌കോളര്‍ഷിപ്പ്,പഠന സാമഗ്രഹികള്‍ക്കും,വസ്ത്രങ്ങള്‍, ഉല്ലാസ/പീനം എന്നിവയടക്കം ഓരോ വിദ്യാര്‍ഥികള്‍ക്കും 28,500 ലഭിക്കേണ്ടതാണ്.എന്നാല്‍ സമീപ പഞ്ചായത്തുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസിന്റെ കീഴിലുള്ള പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്ന് രക്ഷിതാക്കളായ ബി.എ നൗഷാദ് ബംഗ്ലാവ്പറമ്പില്‍, സണ്ണി മുക്കാലി, പി.എ കബീര്‍, നൗഷാദ് ആനക്കല്ല് എന്നിവര്‍ പറഞ്ഞു.
ആനുകൂല്യം ലഭ്യമാക്കുന്നതിന് നടപടി ആവശ്യപ്പെട്ട് ബി.എ നൗഷാദ് ബംഗ്ലാവ്പറമ്പില്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ആര്‍.ടി.ഒയുടെ നേത്യത്വത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, അപേക്ഷന്‍ എന്നിവരുമായി ഹിയറിങ് നടത്തിയിരുന്നു.പഞ്ചായത്തില്‍ നിന്നും ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതാണ് ആനുകൂല്യം നല്‍കാന്‍ കഴിയാത്തതെന്ന് ഐ.സി.ഡി.എസ് അധികൃതരും, ഐ.സി.ഡി.എസ് ആവശ്യപ്പെടുന്ന ഫണ്ട് നല്‍കുന്നുണ്ടെന്ന് പഞ്ചായത്ത് അധിക്യതരും അവകാശപ്പെടുന്നതായി മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികളോട് അധിക്യതര്‍ കാണിക്കുന്ന അവഗണനക്കെതിരെയും അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുമാണ് മന്ത്രിമാര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.