Friday, April 26, 2024
keralaNews

ഭാര്യയെ കാണാന്‍ ജയിലില്‍ ചാടി; കോടതിയില്‍ കീഴടങ്ങിയ കൊലക്കേസ് പ്രതിയെ ജയിലിലെത്തിച്ചു

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഇന്നലെ കോടതിയില്‍ കീഴടങ്ങിയ കൊലക്കേസ് പ്രതിയെ തിരികെ ജയിലിലെത്തിച്ചു. ഇന്ന് മെഡിക്കല്‍ പരിശോധനക്ക് ശേഷമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്.തൂത്തുടിക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് പത്ത് ദിവസം മുന്‍പ് ജയില്‍ ചാടിയത്.ജയിലിലെ സുരക്ഷാ പഴുത് ഉപയോഗിച്ചായിരുന്നു ജയില്‍ ചാട്ടം. കീഴടങ്ങിയ ശേഷം ജാഹിര്‍ നല്‍കിയ മൊഴിയും രസകരമാണ്. ഭാര്യയെ കാണാനാണ് ജയില്‍ ചാടിയതെന്നാണ് ജാഹിര്‍ പറയുന്നത്.ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു ഇന്നലെ ഇയാള്‍ കോടതിയില്‍ കീഴടങ്ങാനെത്തിയതും.തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയിലായിരുന്നു ഇയാള്‍ കീഴടങ്ങിയത്. സെപ്തംബര്‍ ഏഴിനാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതി ജാഹിര്‍ പുറത്തു ചാടിയത്. സംഭവത്തില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അമലിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.2005 ല്‍ മെയ്ദീനെന്ന വജ്രവ്യാപാരിയെ കൊലപ്പെടുത്തിയതിന് ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ജാഹിര്‍ ഹുസ്സൈന്‍. 2017ലാണ് ജാഹിറിനെ ജീവപര്യന്തം ശിക്ഷിച്ച് സെന്‍ട്രല്‍ ജയിലെത്തിച്ചത്. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. കൈയില്‍ കരുതി ഷര്‍ട്ട് റോഡില്‍ വച്ച് ധരിച്ച ഓട്ടോയില്‍ കയറി തൈക്കാടേക്ക് പോയി. അവിടെനിന്ന് തമ്പാനൂരിലേക്ക് നടന്നുപോയി കളിക്കാവിളയിലേക്ക് പോയ ഒരു ബസ്സില്‍ കയറി രക്ഷപ്പെടുകയായിരുന്നു.