Saturday, April 27, 2024
keralaNewspolitics

ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്താണ് ഹര്‍ജി

കണ്ണൂര്‍ : കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം സംബന്ധിച്ച് പുനസംഘടന തര്‍ക്കം ചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ വി സനില്‍ കുമാറാണ് കോടതിയെ സമീപിച്ചത്.                        പ്രസിഡന്റുമാരുടെ നിയമനം പാര്‍ട്ടി ഭരണഘടനയ്‌ക്കെതിരെയാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. തളിപ്പറമ്പ് മുന്‍സിഫ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്താണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഇടഞ്ഞുനില്‍ക്കുന്ന എ, ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള ചര്‍ച്ച കെപിസിസി നേതൃത്വം തുടരും. കേരളത്തിലെ പരാതികള്‍ ഹൈക്കമാന്റിന് മുന്നില്‍ എത്താതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രമേശ് ചെന്നിത്തലയും എംഎം ഹസനും ചര്‍ച്ചയില്‍ ഉന്നയിച്ച പരാതികള്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് വിശദമാക്കും. കെ പി സി സി പ്രസിഡന്റിനെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ സതീശന്‍ ശ്രമിക്കുന്നുവെന്നാണ് പ്രബല ഗ്രൂപ്പുകളുടെ പരാതി. ഒന്നിച്ചുനിന്ന് എതിര്‍ക്കാനും ഹൈക്കമാന്റിനു മുന്നില്‍ പരാതിയുമായി പോയാലും കെപിസിസിക്കാണ് തലവേദന. അധ്യക്ഷനെ നേരിട്ട് ബാധിക്കുമെന്നതിനാല്‍ സമവായത്തിനുള്ള എല്ലാ സാധ്യതകളുമാണ് കെ സുധാകരന്‍ നടത്തുന്നത്. തുടര്‍ചര്‍ച്ചകള്‍ക്കും ഇടം ഒരുക്കിയാണ് ആദ്യ കൂടിക്കാഴ്ച ഇന്നലെ അവസാനിച്ചത്. എന്നാല്‍ കേരളത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന സൂചനയാണ് രമേശും ഹസനും നല്‍കിയത്. പരാതികളില്‍ ഹൈക്കമാന്റ് തീരുമാനം എടുക്കട്ടെയെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.