Friday, May 10, 2024
indiaNews

ബ്ലാക്ക് ഫംഗസ്; മഹാരാഷ്ട്രയില്‍ 90 മരണം

മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് വ്യാപനം രൂക്ഷമാകുന്നു. ഫംഗസ് ബാധിച്ച് ഇതുവരെ 90 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 1500ഓളം പേര്‍ ചികിത്സയിലുണ്ട്. ഇതിനെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന ആംഫോട്ടെറിസിന്‍-ബി കുത്തിവയ്പുകള്‍ക്ക് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവിലുള്ള സ്റ്റോക്ക് മതിയാകുന്നില്ലെങ്കില്‍ കൂടുതല്‍ ആംഫോട്ടെറിസിന്‍ -ബി അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1.9 ലക്ഷം ആംഫോട്ടെറിസിന്‍-ബി കുത്തിവയ്പുകള്‍ക്ക് സംസ്ഥാനം ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും മരുന്നു ലഭിച്ചു തുടങ്ങാന്‍ ഈ മാസം കഴിയും. ഇക്കാരണത്താലാണ് കേന്ദ്രസഹായം അഭ്യര്‍ഥിച്ചത്. സംസ്ഥാനത്തിന് നേരിട്ട് മരുന്ന് വിതരണം ചെയ്യാന്‍ കേന്ദ്രം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

തമിഴ്നാട്ടിലും അണുബാധയ്ക്കെതിരെ അതീവ ജാഗ്രത തുടരുകയാണ്. സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പ്രത്യേകം ശ്രദ്ധവേണ്ട രോഗമായി ബ്ലാക് ഫംഗസിനെ പ്രഖ്യാപിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗ വ്യാപനം നിരീക്ഷിക്കാന്‍ പത്തംഗ മെഡിക്കല്‍ സമിതിയേയും നിയമിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് മുക്തരായവരില്‍ നല്ലൊരു ശതമാനം പേര്‍ക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.