Monday, May 6, 2024
keralaNewspolitics

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് കോടതിയില്‍ ഹര്‍ജി നല്‍കി.

പത്തനംതിട്ട: ഷാജ് കിരണിന്റെയും സ്വപ്ന സുരേഷിന്റെയും വെളിപ്പെടുത്തലിനെതിരെ നിയമ നടപടിയുമായി ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. സഭയെയും അനുബന്ധ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തല്‍, ഗൂഢാലോചന, മാനനഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ഹര്‍ജി. ഷാജ് കിരണിനെയും സ്വപ്ന സുരേഷിനേയും പ്രതി ചേര്‍ത്താണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.ബിലീവേഴ്‌സ് ചര്‍ച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം. ഇക്കാര്യത്തില്‍ പരാതി കിട്ടാതെ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം. സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോ സംഭാഷണത്തില്‍ കാര്യമായി ഒന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരെ വലിയ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ എന്ത് കൊണ്ട് ഒരു നടപടിയുമുണ്ടായില്ലെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ പരാതിയില്ലാതെ നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം.
അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേരളം വിട്ട ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സ്വപ്ന സുരേഷിന്റെയും പ്രതിപക്ഷത്തിന്റെയും സമ്മര്‍ദ്ദത്തില്‍ അറസ്റ്റ് സാധ്യത ഉണ്ടെന്ന് ഹര്‍ജില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാം എന്ന് ഇരുവരും ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കൊച്ചിയില്‍ വരുന്ന കാര്യത്തില്‍ തീരുമാനമാനം ആയില്ലെന്ന് ഇബ്രാഹിം വ്യക്തമാക്കിയിട്ടുണ്ട്.