Saturday, April 27, 2024
keralaNews

ബിനീഷ് കോടിയേരിക്കെതിരെ ഇപ്പോള്‍ നടപടിയൊന്നും സ്വീകരിക്കേണ്ടെന്ന് താരസംഘടന

 

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇപ്പോള്‍ നടപടിയൊന്നും സ്വീകരിക്കേണ്ടെന്ന് താരസംഘടനയായ അമ്മ തീരുമാനിച്ചു. കൊച്ചിയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ബിനീഷിനെ പുറത്താക്കണമെന്ന് നടിമാര്‍ ഉള്‍പ്പടെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ നടപടി വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായം. ബിനീഷിനോട് വിശദീകരണം തേടാനും അമ്മ യോഗത്തില്‍ തീരുമാനമായി.സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നും ദിലീപിനെ പുറത്താക്കിയ അമ്മ ബിനീഷിനെയും പുറത്താക്കണമെന്നും നടിമാര്‍ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തില്‍ ഇടത് എംഎല്‍എമാര്‍ കൂടിയായ മുകേഷും ഗണേഷ് കുമാറും  യോഗത്തില്‍ എതിര്‍പ്പ് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു.

അതേസമയം, ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. ഇടവേള ബാബുവിനെതിരെ രേവതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്ത് യോഗത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമായി. പാര്‍വ്വതി നല്‍കിയ രാജിക്കത്ത് പരിഗണിച്ച യോഗം രാജി സ്വീകരിച്ചു.അമ്മ സംഘടന പുതിയതായി നിര്‍മ്മിക്കാനിരിക്കുന്ന സിനിമയുടെ പ്രാഥമിക ചര്‍ച്ചകളും നടന്നു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാനാണ് അമ്മ പുതിയ സിനിമ നിര്‍മിക്കുന്നതെന്നും, ഇത് എല്ലാ താരങ്ങളും അണിനിരക്കുന്ന താരചിത്രമാകുമെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചു.