Sunday, April 28, 2024
keralaNews

ബംഗാള്‍ ഉള്‍ക്കടലില്‍ ജവാദ് ചുഴലിക്കാറ്റ് രൂപം കൊണ്ടു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഉച്ചയോടെ രൂപം കൊണ്ട ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച് ഞായറാഴ്ച രാവിലെ പുരി ജില്ലയില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം.യാസിനും ഗുലാബിനും ശേഷം 2021ല്‍ ഒഡീഷയിലെത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ജവാദ്.ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമര്‍ദം നിലവില്‍ വിശാഖപട്ടണത്തില്‍ നിന്നു 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നിലവില്‍ മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. രാവിലെ തീവ്ര ന്യൂനമര്‍ദമായി മാറിയ ജവാദ് ഉച്ചയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയായിരുന്നു. വിശാഖപട്ടണത്തിന് 420 കിലോമീറ്റര്‍ തെക്ക്-തെക്കുകിഴക്ക്, പാരാദ്വീപില്‍ നിന്ന് 650 കിലോമീറ്റര്‍ തെക്ക്-തെക്ക്-കിഴക്ക്, ഗോപാല്‍പൂരില്‍ നിന്ന് 530 കിലോമീറ്റര്‍ തെക്ക്-തെക്ക് കിഴക്ക് എന്നിങ്ങനെയാണ് നിലവില്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം.ഞായറാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് പുരി ജില്ലയ്ക്ക് സമീപം കര തൊടുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപാത്ര പറഞ്ഞത്. നാളെയും മറ്റന്നാളും 110 കി.മീ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെട്ടതിനാല്‍ അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി. വിശാഖപട്ടണം, ശ്രീകാകുളം, പുരി, ഗഞ്ചം, ഗജപതി, ഭദ്രക്, ബാലസോര്‍, നയാഗഡ് തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ആഘാതം പ്രതീക്ഷിക്കുന്നത്.ഡിസംബര്‍ ആറ് മുതല്‍, മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.