Thursday, April 25, 2024
keralaNewspolitics

ഷാഹിദാ കമാലിന്റെ വ്യാജ വിദ്യാഭ്യാസ യോഗ്യത; സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ കോടതി

തിരുവനന്തപുരം: വനിത കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയില്‍ ചോദ്യങ്ങളുമായി ലോകായുക്ത. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എവിടെയെന്ന് ലോകായുക്ത ചോദിച്ചു. സത്യസന്ധത ബോധ്യപ്പെടണമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചു. അടുത്ത മാസം കേസ് വിളിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. കസാഖിസ്ഥാന്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് നല്‍കിയെന്ന് സര്‍ക്കാരും കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഓണററി ഡോക്ടറേറ്റ് ലഭിച്ച വിവരം ഷാഹിദ കമാലാണ് അറിയിച്ചതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

വ്യാജഡോക്ടറേറ്റ് വാദത്തില്‍ വിചിത്രവാദങ്ങളാണ് ഷാഹിദ ഉയര്‍ത്തുന്നത്. ഇതോടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഡോക്ടറേറ്റ് കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണെങ്കില്‍, ഷാഹിദയുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ എങ്ങനെയാണ് അറിഞ്ഞതെന്നും കോടതി ചോദിച്ചു. യൂണിവേഴ്സിറ്റിയിലെ മലയാളിയായ ഒരു പ്രതിനിധിയാണ് തന്നെ ശുപാര്‍ശ ചെയ്തത് എന്നായിരുന്നു ഷാഹിദയുടെ മറുപടി. കേസിന്റെ വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നും ഷാഹിദ ലോകായുക്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്.