Wednesday, May 15, 2024
keralaNews

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍

അടിമാലി: അടിമാലിയില്‍ ഫോണിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇതര സംസ്ഥാനക്കാരനായ ബിരുദവിദ്യാര്‍ഥി അറസ്റ്റില്‍. പെരുമ്പാവൂര്‍ ഐരാപുരത്ത് വാടകവീട്ടില്‍ താമസിക്കുന്ന മുഹമ്മദ് നബീസ് (20) ആണ് 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത്. പ്ലസ്ടു സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.

17 കാരിയുമായി പ്രതി മുഹമ്മദ് നബീസ് ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ മറ്റാരും ഇല്ലാത്ത ദിവസം മുഹമ്മദ് നബീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. 17 കാരി ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് നബീസിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബിഹാര്‍ സ്വദേശികളായ മാതാപിതാക്കളുടെ മകനായ പ്രതി ഐരാപുരം കോളജിലാണ് പഠിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് നബീസിനെ പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.