Wednesday, May 15, 2024
keralaNews

ക്യാപ്റ്റനെന്ന് വിളിച്ച അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കൊച്ചി: തൃക്കാക്കരയിലെ വന്‍ വിജയത്തിന് പിന്നാലെ ക്യാപ്റ്റനെന്നു വിളിച്ച അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. താന്‍ ക്യാപ്റ്റനല്ലെന്നും മുന്നണിപ്പോരാളി മാത്രമാണെന്നും സതീശന്‍ പറയുന്നു. കോണ്‍ഗ്രസില്‍ ആര്‍ക്കും ഈ വിളിയോട് താല്‍പര്യമില്ല. അതില്‍ പരിഹാസമുണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

അഭിമാനകരമായ വിജയമാണ് തൃക്കാക്കരയിലേത്. പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനും അതു കൂടുതല്‍ ഊര്‍ജം പകരും. കൂടുതല്‍ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. സര്‍ക്കാരിന്റെ ഒരുപാടു കാര്യങ്ങള്‍ പുറത്തു കൊണ്ടുവരേണ്ടതുണ്ട്. പ്രോഗ്രസ് റിപ്പോര്‍ട്ട് എന്ന പേരില്‍ സര്‍ക്കാര്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ വസ്തുത പുറത്തുകൊണ്ടുവരും. ഇതു സംബന്ധിച്ച് ഞങ്ങള്‍ പഠനം നടത്തിയിട്ടുണ്ട്. അടിസ്ഥാനപരമായി തെറ്റായ പ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ഈ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ യഥാര്‍ഥ വിവരങ്ങള്‍ താമസിയാതെ ഞങ്ങള്‍ ജനങ്ങളില്‍ എത്തിക്കും. ഇവരീ പറയുന്ന പല കാര്യങ്ങളും നടത്തിയിട്ടില്ല. നടത്തിയതൊക്കെ ഞങ്ങള്‍ക്ക് അറിയാം. നടത്താത്ത കാര്യങ്ങളാണ് കൂടുതലും. തിരഞ്ഞെടുപ്പ് വന്നതിനതിനെത്തുടര്‍ന്നാണ് ഈ പഠനം പുറത്തുവിടാന്‍ വൈകിയത്. ഉടന്‍തന്നെ പുറത്തുവിടും. സര്‍ക്കാര്‍ ജനകീയ കാര്യങ്ങള്‍ ചെയ്താല്‍ ഞങ്ങള്‍ അതിന്റെ കൂടെയുണ്ടാകും. എന്നാല്‍ കെ-റെയില്‍ പോലെ ജനവിരുദ്ധമായവയാണ് ചെയ്യുന്നതെങ്കില്‍ അതിനെ ഞങ്ങള്‍ ശക്തിയായി എതിര്‍ക്കും.