Tuesday, May 7, 2024
indiaNewspolitics

പ്രധാനമന്ത്രിയെ ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് ഭീകരര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് തീവ്രവാദികളെ ബിഹാറിലെ ഫുല്‍വാരി ഷരീഫ് മേഖലയില്‍ വെച്ച് പോലീസ് പിടികൂടി. അഥര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങിന് നേരെ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.                          ആക്രമണം നടത്തുന്നതിനായി പ്രതികള്‍ ഫുല്‍വാരി മേഖലയില്‍ ആളുകള്‍ക്ക് ആയുധ പരിശീലനം നല്‍കുകയും യോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഫല്‍വാരി ഷെരീഫില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസില്‍ ബിഹാര്‍ പോലീസ് റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരുന്നത്. ഇവരുടെ ഓഫീസില്‍ നിന്നും തീവ്ര ലഘുലേഖകളും പോലീസ് കണ്ടെത്തിയട്ടുണ്ട്.

ഝാര്‍ഖണ്ഡ് പോലീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ മുഹമ്മദ് ജലാലുദ്ദീന്‍. അഥര്‍ പര്‍വേസ് പാട്‌നയിലെ ഗാന്ധി മൈതാനത്തില്‍ നടന്ന സ്‌ഫോടനക്കേസില്‍ പ്രതിയായ മഞ്ജറിന്റെ സഹോദരനാണ്.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ എന്നി സംഘടനയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. അതേസമയം സംശയാസ്പദമായ നിരവധി രേഖകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കണ്ടെടുത്ത രേഖയില്‍ പറയുന്നത് 2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്നാണ്.          25ഓളം പിഎഫ്‌ഐ അനുകൂല ലഘുലേഖകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. പാട്‌നയില്‍ ആയോധനകലയും ശാരീരി വിദ്യാഭ്യാസവും നല്‍കാനെന്ന പേരില്‍ ജലാലുദ്ദീനും അഥറും ഇവിടെ ഒരു പരിശീലന കേന്ദ്രം നടത്തി വരുന്നുണ്ടായിരുന്നു. ഇവിടെ നിന്നും മുസ്ലീംങ്ങളെ ഹിന്ദുക്കള്‍ക്കെതിരെ തിരിക്കുകയാണ് അവര്‍ ചെയ്തിരുന്നത്. അതേസമയം കേരളം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും യുവാക്കള്‍ ഇവിടെ പരിശീലനം നേടുന്നതിനായി സന്ദര്‍ശനം നടത്തിയിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു. പാകിസ്താന്‍, ബംഗ്ലദേശ്, തുര്‍ക്കി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്ന് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഇവര്‍ പണം വാങ്ങിയിരുന്നതായും പോലീസ് പറയുന്നു.