Sunday, May 5, 2024
keralaNewspolitics

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ടവോട്ട്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ടവോട്ട്. പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് വോട്ടുള്ളത്. അപേക്ഷിച്ചിട്ടും നീക്കം ചെയ്തില്ലെന്നാണ് ആക്ഷേപം. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എസ്.എസ്.ലാലിനും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഇരട്ട വോട്ടുണ്ട്. ആദ്യപേര് ഒഴിവാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടെന്ന് എസ്.എസ്. ലാല്‍ പറഞ്ഞു.കേരളത്തിലെ ഇരട്ട/വ്യാജ വോട്ടുകള്‍ മരവിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.

ക്രമക്കേടുകള്‍ പരിശോധിക്കാന്‍ ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥനെ സംസ്ഥാനത്തേക്കു നിയോഗിച്ചിട്ടുണ്ടെന്നും ക്രമക്കേടിനു കൂട്ടുനിന്നവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. ഇടതു സര്‍ക്കാര്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തുവെന്നും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍, സര്‍ക്കാരിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ്ദേശീയ നേതാക്കളായ കെ.സി. വേണുഗോപാല്‍, അഭിഷേക് സിങ്‌വി, രണ്‍ദീപ് സിങ് സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒപ്പിട്ട നിവേദനത്തില്‍ ആരോപിച്ചു.