Thursday, May 2, 2024
indiaNewspolitics

പ്രതിപക്ഷ എം പിമാര്‍ക്കെതിരെ പാര്‍ലമെന്റില്‍ കൂട്ട നടപടി

ദില്ലി: പ്രതിപക്ഷ എം പിമാര്‍ക്കെതിരെ പാര്‍ലമെന്റില്‍ ഇന്ന് കൂട്ട നടപടി. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം ഇന്നും ലോക്‌സഭയിലും – രാജ്യസഭയിലും ഉയര്‍ത്തി പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളടക്കമുള്ളവര്‍ക്കെതിരെയാണ് കൂട്ട നടപടി എടുത്തിരിക്കുന്നത്. പാര്‍ലമെന്റ് ചരിത്രത്തിലാദ്യമായി 78 എം പിമാര്‍ക്കാണ് ഒരു ദിവസം കൂട്ട സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. ലോക് സഭയില്‍ 33 എംപിമാരെ ആദ്യം സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ രാജ്യസഭയില്‍ 45 എം പിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ ഈ സമ്മേളന കാലയളവില്‍ സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 92 ആയി. കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി, കെ സി വേണുഗോപാല്‍, ജയറാം രമേശ്, ബിനോയ് വിശ്വം എന്നിവരടക്കമുള്ള 78 എം പിമാരെയാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്. പതിനൊന്ന് പേര്‍ക്ക് മൂന്ന് മാസവും മറ്റുള്ളവര്‍ക്ക് സഭ സമ്മേളനം അവസാനിക്കുന്നതുവരെയുമാണ് സസ്‌പെന്‍ഷന്‍. മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഷനിലായവര്‍ക്കെതിരായ തുടര്‍നടപടി എത്തിക്‌സ് കമ്മിറ്റി തീരുമാനിക്കും. കേരളത്തില്‍ നിന്നുള്ള നിരവധി എം പിമാര്‍ക്കും ഇന്ന് സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. കെ മുരളീധരന്‍, ആന്റോ ആന്റണി, എന്‍ കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇ ടി മുഹമ്മദ് ബഷീര്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ മാണി, ജെബി മേത്തര്‍, ബിനോയ് വിശ്വം, സന്തോഷ് കുമാര്‍, ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസന്‍ എന്നിവരാണ് ഇന്ന് സസ്‌പെന്‍ഷന്‍ ലഭിച്ച കേരളത്തില്‍ നിന്നുള്ള എം പിമാര്‍.സഭയില്‍ മറുപടി നല്‍കാതെ പ്രധാനമന്ത്രിയും അമിത്ഷായും ഇംഗ്ലിഷ് ചാനലിനോടും, ഹിന്ദി ദിനപത്രത്തോടും സംസാരിച്ച നടപടിയാണ് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സുരക്ഷ വീഴ്ചയില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് സഭാധ്യക്ഷന്മാര്‍ അവകാശപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. ലോക് സഭ സ്പീക്കറും, രാജ്യസഭ ചെയര്‍മാനും സുരക്ഷ വീഴ്ചയില്‍ അന്വേഷണം തുടരുകയാണെന്ന് ഇന്നും സഭയെ അറിയിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക് സഭ നാല് തവണയും രാജ്യസഭ മൂന്ന് തവണയുമാണ് ഇന്ന് പിരിയേണ്ടി വന്നത്. സി ആര്‍ പി സി, ഐ പി സി, എവിഡന്‍സ് ആക്ട് എന്നിവയില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമ്പോഴാണ് എം പിമാര്‍ പ്രതിഷേധം തുടര്‍ന്നത്. പ്രതിപക്ഷത്തെ കൂട്ടത്തോടെ പുറത്താക്കുമ്പോള്‍ ഏകപക്ഷീയമായി ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള അവസരം കൂടി സര്‍ക്കാരിന് കൈവരികയാണ്. കോണ്‍ഗ്രസ്, സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളെല്ലാം എം പിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടത്. എല്ലാ ജനാധിപത്യ മര്യാദകളും ചവറ്റുകൊട്ടയിലേക്ക് എറിയുന്ന ഏകാധിപത്യ സര്‍ക്കാര്‍ നടപടിയാണ് എം പിമാര്‍ക്കെതിരായ സംസ്‌പെന്‍ഷനെന്നും അദ്ദേഹം പറഞ്ഞു. ചാനലിനും പത്രത്തിനും അഭിമുഖം നല്‍കുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ലമന്റിനോട് ഉത്തരവാദിത്വമില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നത് ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണ്. ഇത്തരം നടപടികളോട് ഭയമില്ലെന്നും പോരാട്ടം ശക്തമായി തുടരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.ജനാധിപത്യത്തിന്മേലുള്ള ഗുരുതരമായ ആക്രമണമെന്നാണ് എം പിമാര്‍ക്കെതിരായ കൂട്ട സസ്‌പെന്‍ഷന്‍ നടപടിയെക്കുറിച്ച് സി പി എം പ്രതികരിച്ചത്. പ്രാതിനിധ്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും എല്ലാ പ്രതിപക്ഷ എം പിമാരുടെയും സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. കൂട്ട സസ്‌പെന്‍ഷന്‍ നടത്തി ബി ജെ പിയും അമിത് ഷായും പാര്‍ലമെന്റ് സുരക്ഷിത കേന്ദ്രമാക്കിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചത്. അമിത് ഷായുടേത് വിയോജിപ്പുകളെ നിശബ്ദമാക്കുന്ന മാസ്റ്റര്‍ സ്‌ട്രോക്കാണെന്നും, ഇനി അലോസരമില്ലാതെ അമിത് ഷായ്ക്ക് പ്രസ്താവന നടത്താമെന്നും ടി എം സി പരിഹസിച്ചു.