Sunday, May 19, 2024
HealthindiaNews

പോളിയോ തുള്ളിമരുന്നിന് പകരം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സാനിറ്റൈസര്‍ നല്‍കി

മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്‌സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പോളിയോ തുള്ളിമരുന്നിന് പകരം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സാനിറ്റൈസര്‍ നല്‍കിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. വിഷയത്തില്‍ ഇടപെട്ട ആരോഗ്യവകുപ്പ് പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തു.

അത്രയ്ക്ക് മാരകമല്ലെങ്കിലും 70% ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ആളുകള്‍ കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതായിരിക്കില്ല. പ്രത്യേകിച്ച് പിഞ്ചുകുട്ടികള്‍ക്ക്. ഹാന്‍ഡ് സാനിറ്റൈസിംഗ് ദ്രാവകങ്ങള്‍ ഉള്ളില്‍പ്പോയാലുള്ള പ്രത്യാഘാതങ്ങള്‍ വിവരിച്ച് ഡോക്ടര്‍ രംഗത്തെത്തിയതോടെയാണ് വിഷയത്തിന്റെ ഗൗരവം പലര്‍ക്കും മനസിലാകുന്നത്.
ഒന്നു മുതല്‍ അഞ്ച് വരെ പ്രായമുള്ള പന്ത്രണ്ട് കുട്ടികള്‍ക്കാണ് പോളിയോ വാക്‌സിന് പകരം സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കിയത്. ഇത് സ്വീകരിച്ച കുട്ടികള്‍ക്ക് തലചുറ്റലും ഛര്‍ദ്ദിയും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത് സ്ഥലത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ഇടയില്‍ ആശങ്കയും ഉയര്‍ത്തിയിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനിടെ തുടര്‍ന്ന് കുട്ടികളെ സമീപത്തെ വസന്തറാവു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി മാറ്റി.