Friday, May 17, 2024
indiaNews

പോലിസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാലുപേര്‍ പിടിയില്‍

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ പെട്രോളിങ്ങിനിടെ പൊലിസുകാരനെ വെട്ടിക്കൊലപ്പെടുത്തിയവരില്‍ കുട്ടികളും. നാലുപേരാണ് പിടിയിലായത്. ഇവരില്‍ പത്തും പതിനേഴും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ്. ആട് മോഷണം തടയുന്നതിനിടെ ഇന്നലെയാണ് നവല്‍പേട്ട് സ്റ്റേഷന്‍ എസ് ഐ ഭൂമിനാഥന്‍ കൊല്ലപ്പെട്ടത്. പുതുക്കോട്ട -തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂര്‍ റെയില്‍വെ ഗേറ്റിന് സമീപത്തായിരുന്നു അക്രമണം.

മൂന്ന് ബൈക്കുകളില്‍ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിര്‍ത്താന്‍ എസ്‌ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇവര്‍ വാഹനം വേഗത്തില്‍ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടര്‍ന്ന് സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. അല്‍പ്പസമയത്തിന് ശേഷം ബാക്കിയുള്ളവര്‍ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു. പല്ലത്തുപട്ടി കലമാവൂര്‍ റെയില്‍വെ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം.

മണിക്കൂറുകള്‍ക്ക് ശേഷം അതുവഴി വന്ന നാട്ടുകാരാണ് ഭൂമിനാഥനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ഇന്നലെ മുതല്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ സിംഗ്‌നലുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്.