Friday, April 26, 2024
keralaNewspolitics

പൊതു തിരഞ്ഞെടുപ്പ് ; നവംബര്‍ 16ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

 

പൊതു തിരഞ്ഞെടുപ്പിനുള്ള പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കല്‍ പ്രക്രിയ നവംബര്‍ 16ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ആരംഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
2021 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന അര്‍ഹര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും, നിലവിലുള്ള വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനും കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ സാധിക്കും.

കരട് പട്ടികയിലുള്ള അവകാശങ്ങള്‍/എതിര്‍പ്പുകള്‍ എന്നിവ വോട്ടര്‍മാര്‍ക്ക് നവംബര്‍ 16 മുതല്‍ ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം. ഇവ തീര്‍പ്പാക്കി 2021 ജനുവരി 15ന് അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കും. അപേക്ഷകളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

സംസ്ഥാന നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2021 മേയ് മാസത്തിനകം നടക്കുമെന്നതിനാല്‍ സമ്മതിദായക പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും, പട്ടികയിലെ വിവരങ്ങള്‍ ശരിയാണെന്നും പൊതുജനങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കണം. നിയമാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടവര്‍ അപേക്ഷ നേരത്തെ സമര്‍പ്പിക്കണം.അതേസമയം, തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക സംബന്ധിച്ച വിവരങ്ങള്‍ക്കായി ജനങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായാണ് ബന്ധപ്പെടേണ്ടതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.