Saturday, May 4, 2024
keralaNews

പെന്‍ഷന്‍ മുടങ്ങി: വൃദ്ധ ദമ്പതികളുടെ ദയാവധ പ്രതിഷേധം

അടിമാലി: സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ അടിമാലിയില്‍ ദയാവധത്തിന് തയാര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം.വികലാംഗയായ 63 കാരി ഓമനയും – 72 വയസ്സുള്ള ഭര്‍ത്താവ് ശിവദാസുമാണ് പ്രതിഷേധിക്കുന്നത്. പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികള്‍ പറയുന്നു.

അഞ്ച് മാസമായി വാര്‍ധക്യകാല പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് 90 വയസ്സുകാരി ഇന്നലെ റോഡില്‍ കസേരയിട്ടിരുന്ന് സമരം ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് പ്രതിഷേധിച്ചത്.കൂലിപ്പണിക്കാരനായ മകനൊപ്പമാണ് തൊണ്ണൂറുകാരിയായ പൊമ്മന്ന വഴിയരികിലെ വീട്ടില്‍ കഴിയുന്നത്. പൊന്നമ്മയുടെ പെന്‍ഷനും മകന്റെ തുച്ഛ വരുമാനവും കൊണ്ടാണ് ഇരുവരും കഴിഞ്ഞിരുന്നത്.

കിടപ്പു രോഗിയായ പൊന്നമ്മക്ക് മരുന്ന് വാങ്ങുന്നതും ഈ തുക ഉപയോഗിച്ചാണ്. അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുരതത്തിലായി. കിടപ്പു രോഗിയായതിനാല്‍ അക്ഷയ കേന്ദ്രം അധികൃതര്‍ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തിയിരുന്നു. എന്നാല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. ഓഗസ്റ്റ് മാസത്തിലാണ് അവസാനം പെന്‍ഷന്‍ കിട്ടിയത്.

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പൊന്നമ്മയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഒരുമാസത്തെ പെന്‍ഷന്‍ തുകയും ഭക്ഷ്യ കിറ്റും കൈമാറി. മുടങ്ങി കിടക്കുന്ന പെന്‍ഷന്‍ പൂര്‍ണ്ണമായി ലഭിച്ചാല്‍ മാത്രമേ പാവപ്പെട്ട ഈ കുടുംബത്തിന്റെ ദുരിതത്തിന് ശാശ്വത പരിഹാരം ആകുകയുള്ളൂ