Tuesday, May 14, 2024
indiakeralaNews

കനത്ത മഴയില്‍ വീണ്ടും വെള്ളക്കെട്ടിലായി ബെംഗളൂരു നഗരം.

ബെംഗളൂരു : ബെംഗളൂരു നഗരം കനത്ത മഴയില്‍ വീണ്ടും വെള്ളക്കെട്ടിലായി. നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. കര്‍ണാടകയുടെ തലസ്ഥാനനഗരം ഈയാഴ്ചയില്‍ രണ്ടാം തവണയാണ് മഴക്കെടുതിയില്‍ വലയുന്നത്. റോഡെല്ലാം പുഴ പോലെയായതോടെ രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഇറക്കി.കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പെരുമഴയില്‍ അപ്പാര്‍ട്ട്മെന്റുകളുടെ താഴ്ഭാഗത്തും വീടുകളിലും വെള്ളക്കെട്ടായി. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്‌കൂളിലേക്ക് വിടരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇക്കോസ്‌പേസ് ഔട്ടര്‍ റിങ് റോഡ്, ബെല്ലന്ദുര്‍, കെആര്‍ മാര്‍ക്കറ്റ്, സില്‍ക്ക് ബോര്‍ഡ് ജംക്ഷന്‍ തുടങ്ങിയ മേഖലകളിലും സ്ഥിതി രൂക്ഷമാണ്. എച്ച്ബിആര്‍ ലേഔട്ടിലെ വീടുകളില്‍ വെള്ളം കയറിയതോടെ ഐടി മേഖലയും പ്രയാസത്തിലായി.

ഗോള്‍ഡ്മാന്‍ സാക്‌സ്, സ്വിഗ്ഗി തുടങ്ങിയ കമ്പനികള്‍ ജീവനക്കാരോടു വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറാന്‍ നിര്‍ദേശിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയും സമാന അവസ്ഥയിലായിരുന്നു ബെംഗളൂരൂ. മരങ്ങള്‍ കടപുഴകി വീണുംമറ്റും അപകടങ്ങളുമുണ്ടായി. മഴദുരിതം നൂറുകണക്കിനു കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് ഐടി, ബാങ്ക് മേഖലയിലെ സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു.